ക്രെഡായ് സംസ്ഥാന സമ്മേളനം 24 മുതൽ കൊച്ചിയിൽ

Posted on: November 22, 2017

ക്രെഡായ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ക്രെഡായ് കേരള ചെയർമാൻ നജീബ് സക്കറിയ സംസാരിക്കുന്നു. കോൺഫറൻസ് ചെയർമാൻ എം വി ആൻറണി, ക്രെഡായ് കൊച്ചി പ്രസിഡണ്ട് ജെ.പോൾ രാജ് എന്നിവർ സമീപം.

കൊച്ചി : കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ക്രെഡായ്) ദ്വിദിന സംസ്ഥാന സമ്മേളനം ഹോട്ടൽ ക്രൗൺ പ്ലാസയിൽ നവംബർ 24, 25 തീയതികളിൽ നടക്കും. ഉദ്ഘാടന ചടങ്ങിൽ പ്രഫ.കെ.വി തോമസ് എം.പി മുഖ്യാതിഥിയായിരിക്കും. ക്രെഡായ് ദേശീയ അധ്യക്ഷൻ ജാക്‌സയ് ഷാ വിശിഷ്ടാതിഥിയാകും. ക്രെഡായിയുടെ തിരുവനന്തപുരം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ചാപ്റ്ററുകളിൽ നിന്നുള്ള 250 ൽ പരം പ്രമുഖ ഡെവലപ്പർമാർ പങ്കെടുക്കും. നിർമാണ മേഖലയിലെ മാറ്റങ്ങളും നിലവിലെ സാഹചര്യങ്ങളും ഭാവി വെല്ലുവിളികളും ദ്വിദിന സമ്മേളനം ചർച്ച ചെയ്യും.

‘റിവൈവ് റീഇൻവെൻറ് റീഫോക്കസ് ‘ എന്നതാണ് സമ്മേളനത്തിൻറെ മുഖ്യപ്രമേയം. സോഷ്യൽ മാർക്കറ്റിംഗ്, ബിസിനസ് നടത്തിപ്പ് സുഗമമാക്കുന്നതിനുള്ള മാർഗങ്ങൾ, പുതിയ നിക്ഷേപക സാദ്ധ്യതകൾ, സാങ്കേതികവിദ്യ, സ്ഥാപന ചെലവും പദ്ധതി ചെലവും നിയന്ത്രിക്കൽ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ പങ്കെടുക്കുന്ന ചർച്ചകൾ നടക്കുമെന്ന് ക്രെഡായ് കേരള ചാപ്റ്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സമാപന സമ്മേളനത്തിൽ ജസ്റ്റീസ്. ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയാകും. സി ബി ആർ ഇ റെസിഡൻഷ്യൽ സർവീസസ് മേധാവി എ. എസ് ശിവരാമകൃഷ്ണൻ, കോട്ടക് റിയാലിറ്റി സി ഇ ഒ ശ്രീനി ശ്രീനിവാസൻ, കെ കെ ആർ ഡയറക്ടർ യാഷ് നദ്കർണി, എസ് ബി ഐ ജനറൽ മാനേജർ ജെ.കെ താക്കർ, ഫേസ്ബുക്ക് ഇന്ത്യ ടെലികോം ആൻഡ് ഓട്ടോ ബിസിനസ് മേധാവി പ്രസൻജീത്ത് ബറുവ, അനറോക്ക് പ്രോപ്പർട്ടീസ് ഗവേഷക വിഭാഗം മേധാവി പ്രശാന്ത് താക്കൂർ, അഹമ്മദാബാദ് ഐ ഐ എം പ്രഫസർ പീയുഷ് കുമാർ സിൻഹ, ഓട്ടോ ഡെസ്‌ക്ക് ഇന്ത്യ മേധാവി എം.കെ സുനിൽ, ഐ ഐ ടി മദ്രാസിലെ അരുൾ ജയചന്ദ്രൻ, ഡി ബി എസ് കൺസ്യൂമർ ബാങ്കിംഗ് ഇന്ത്യ മോർട്ട്‌ഗേജസ് മേധാവി സന്ദീപ് മുഖോപാധ്യായ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.

ആഗോളതലത്തിൽ ഏറ്റവും വലിയ കൊമേഴ്‌സ്യൽ റിയൽ എസ്റ്റേറ്റ് സേവനദാതാക്കളും നിക്ഷേപക സ്ഥാപനവുമായ സി ബി ആർ ഇ ഗ്രൂപ്പാണ് സമ്മേളനത്തിൻറെ നോളഡ്ജ് പങ്കാളി. ക്രെഡായ് ക്ലീൻ സിറ്റി മൂവ്‌മെൻറ് ആണ് ശുചിത്വ പങ്കാളി. ഓട്ടിസ് എലിവേറ്റേഴ്‌സ്, ഹാവെൽസ് ഇന്ത്യ, സെറ, എസ് ബി ഐ, രാംകോ സിമെൻറ്‌സ്, ഫ്രേറ്റർ ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് എന്നിവരാണ് സമ്മേളനത്തിൻറെ സ്‌പോൺസർമാർ.

ക്രെഡായ് കേരള ചെയർമാൻ നജീബ് സക്കറിയ, കോൺഫറൻസ് ചെയർമാൻ എം വി ആൻറണി, ക്രെഡായ് കൊച്ചി പ്രസിഡണ്ട് ജെ.പോൾ രാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS: Credai | CREDAI Kerala |