കേരളത്തിൽ 2,000 കോടി മുതൽമുടക്കാൻ വി കെ എൽ ഗ്രൂപ്പ്

Posted on: September 17, 2014

Dr-Varghese-Kurian-VKL-big

ബഹ്‌റൈൻ ആസ്ഥാനമായുള്ള വി കെ എൽ ഗ്രൂപ്പ് കേരളത്തിൽ 2,000 കോടി രൂപ മുതൽമുടക്കും. അപ്പാർട്ട്‌മെന്റുകൾ, ആശുപത്രി, ഷോപ്പിംഗ് മാൾ, സ്‌കൂൾ, ആയുർവേദ റിസോർട്ട് എന്നീ രംഗങ്ങളിലാണ് മൂലധനനിക്ഷേപം നടത്തുകയെന്ന് ചെയർമാൻ ഡോ. വർഗീസ് കുര്യൻ പറഞ്ഞു. തിരുവനന്തപുരം ശ്രീകാര്യത്തെ വി കെ എൽ ഗാർഡൻസ്, കഴക്കൂട്ടത്ത് വി കെ എൽ ടവേഴ്‌സ് എന്നീ പാർപ്പിടസമുച്ചയങ്ങൾ നിർമാണത്തിന്റെ അന്തിമഘട്ടത്തിലാണ്.

ആലപ്പുഴ പുന്നമടക്കായലിനു സമീപം ശാന്തിഗിരി ആശ്രമവുമായി ചേർന്ന് ആയുർവേദ വില്ലേജ് സ്ഥാപിക്കുമെന്ന് ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പറഞ്ഞു. വിദ്യാഭ്യാസം, ആയുർവേദം തുടങ്ങിയ രംഗങ്ങളിൽ ശാന്തിഗിരിയുമായി ചേർന്നായിരിക്കും വി കെ എൽ ഗ്രൂപ്പിന്റെ പ്രവർത്തനം. ഷോപ്പിംഗ് മാളും സ്‌കൂളും കൊച്ചിയിലായിരിക്കും. പൂത്തോട്ട, പനങ്ങാട് എന്നിവിടങ്ങളിൽ അപ്പാർട്ട്‌മെന്റ് പ്രോജക്ടുകളുമുണ്ട്.

സംസ്ഥാനത്തെ 100 ഭവനരഹിതർക്കു രണ്ടുകോടി രൂപയുടെ ധനസഹായവും ഡോ. വർഗീസ് കുര്യൻ പ്രഖ്യാപിച്ചു. മുൻ തിരുവനന്തപുരം കളക്ടർ എൻ. അയ്യപ്പനാണ് വി കെ എൽ ഗ്രൂപ്പ് ഇന്ത്യ സിഇഒ. ബഹ്‌റൈനിൽ വൻകിട കെട്ടിനിർമാണ കരാറുകളും നിരവധി ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളും വി കെ എൽ ഗ്രൂപ്പിനുണ്ട്.