കൺസ്ട്രക്ഷൻ ഉപകരണങ്ങൾക്കായി കേരളത്തിൽ മഹീന്ദ്ര ഷോറും

Posted on: December 17, 2016

കോഴിക്കോട് : മഹീന്ദ്ര കൺസ്ട്രക്ഷൻ ഉപകരണങ്ങളുടെ വിപണനവും സർവീസും ലക്ഷ്യമിട്ട് രാമനാട്ടുകരയ്ക്ക് സമീപം വൈദ്യരങ്ങാടിയിൽ ഡീലർഷിപ്പ് തുറന്നു. ചമ്പയിൽ മോട്ടോഴ്‌സിന്റെ ഉദ്ഘാടനം വി കെ സി മമ്മദ്‌കോയ എം എൽ എ നിർവഹിച്ചു. മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി വി നിധീഷ് അധ്യക്ഷനായി. മാതൃഭൂമി ഡയറക്ടർ പി വി ഗംഗാധരൻ, ചമ്പയിൽ മോട്ടോഴ്‌സ് പാർട്ണർമാരായ രാഹുൽ, വിഷ്ണു എന്നിവർ പങ്കെടുത്തു.

2000 ചതുരശ്ര അടിവരുന്ന ഷോറൂമിനൊപ്പം, അത്യാധുനിക വർക്ക് ഷോപ്പ് സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ബാക് ലോ ഹോഡർ, ഫ്രണ്ട് എൻഡ് ലോഡർ തുടങ്ങി എല്ലാ മഹീന്ദ്ര കൺസ്ട്രക്ഷൻ ഉപകരണങ്ങളും ഇവിടെ ലഭ്യമാണ്. വടക്കൻ കേരളത്തിലെമ്പാടും ഏത് സമയത്തും സൈറ്റിലെത്തി സർവീസും സ്‌പെയറും നല്കാനുള്ള സൗകര്യവും ചമ്പയിൽ മോട്ടോഴ്‌സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഫിനാൻസ്, എക്‌സ്‌ചേഞ്ച്, അതിവേഗ അറ്റകുറ്റപ്പണി എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സാന്നിധ്യമുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വടക്കൻ കേരളത്തിലെ പ്രധാന വിപണിയായ കോഴിക്കോട്ടും ഡീലർഷിപ്പ് തുറക്കുന്നതെന്ന് മഹീന്ദ്ര കൺസ്ട്രക്ഷൻ എക്യുപ്‌മെന്റ് സെയിൽ ആൻഡ് കസ്റ്റമർ കെയർ സോണൽ മാനേജർ പുരുഷോത്തമൻ എൽ. പറഞ്ഞു. മഹീന്ദ്ര ബാക് ഹോ ലോഡറുകൾ 83 എച്ച് പി റേഞ്ചിൽ ഏറ്റവും മികച്ച ഇന്ധനക്ഷമത നൽകുമെന്ന് കമ്പനി സെയിൽസ് മാനേജർ എൽ. സെൽവം പറഞ്ഞു. കസ്റ്റമർ സർവീസിനായി 1800-209-9879 എന്ന കേന്ദ്രീകൃത നമ്പർ ഏർപ്പെടുത്തിയിട്ടുണ്ട്.