എല്ലാവർക്കും വീട് : ലക്ഷ്യം കൈവരിക്കാൻ ക്രെഡായ് പങ്കുവഹിക്കണമെന്ന് എം. ശിവശങ്കർ ഐഎഎസ്

Posted on: November 26, 2016

credai-m-sivasankar-ias-big

കൊച്ചി : ഭൂരഹിതർക്കു വേണ്ടി സംസ്ഥാനത്ത് കുറഞ്ഞ ചെലവിൽ ബഹുനില അപ്പാർട്ടമെന്റുകൾ നിർമിക്കുന്നതിന് പദ്ധതി തയാറായതായി സംസ്ഥാന ഐ ടി സെക്രട്ടറി എം ശിവശങ്കർ ഐഎഎസ്. സ്വന്തമായി ഭൂമി ഉള്ളവരും ഭൂരഹിതരുമായ ഭവനരഹിതരെ രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുക. 2021 ൽ ഭവനരഹിതർക്കായി 4,27,032 വീടുകൾ നിർമിച്ചു നൽകുമെന്ന് അദേഹം അറിയിച്ചു. ക്രെഡായ് സ്‌റ്റേറ്റ് കോൺഫറൻസിൽ ഓൺലൈൻ അപ്രൂവലിൽ ഐ ടിയുടെ പങ്ക് എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ശിവശങ്കർ.

പദ്ധതി പൂർത്തിയാകുമ്പോൾ എല്ലാവർക്കും വീട് എന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കും. പദ്ധതി നടപ്പാക്കുന്നതിന് ക്രെഡായ് പ്രധാന പങ്കു വഹിക്കണമെന്ന് അദേഹം അഭ്യർഥിച്ചു. പദ്ധതി നിർവഹണത്തിൽ ക്രെഡായിക്കുള്ള അനുഭവ സമ്പത്തും സാങ്കേതിക പരിചയവും പദ്ധതിക്ക്  പ്രയോജനപ്പെടും. പദ്ധതിക്കായി പ്രി ഫാബ്രിക്കേറ്റഡ് നിർമാണ സാമഗ്രികൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും. നിർമാണ ചെലവു കുറയ്ക്കാനും കാലവിളംബം ഒഴിവാക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രെഡായ് ദേശീയ വൈസ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ, ക്രെഡായ് കേരള ജനറൽ കൗൺസിൽ അംഗം എം എ മെഹബൂബ് എന്നിവർ സംസാരിച്ചു.

ക്രെഡായ് സ്റ്റേറ്റ് കോൺഫറൻസിന്റെ സമാപന സമ്മേളനത്തിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻനായർ പ്രസംഗിക്കുന്നു. കോൺഫറൻസ് ചെയർമാൻ എം.വി. ആന്റണി, ക്രെഡായ് നാഷണൽ വൈസ് പ്രസിഡണ്ട് രഘുചന്ദ്രൻ നായർ, ക്രെഡായ് കേരള ചെയർമാൻ ഹസീബ് അഹമ്മദ്, കേരള സെക്രട്ടറി ജനറൽ ഡോ. നജീബ് സക്കറിയ, കെ പി എം ജി പ്രതിനിധി ജയേഷ് കരിയ എന്നിവർ സമീപം

ക്രെഡായ് സ്റ്റേറ്റ് കോൺഫറൻസിന്റെ സമാപന സമ്മേളനത്തിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻനായർ പ്രസംഗിക്കുന്നു. കോൺഫറൻസ് ചെയർമാൻ എം.വി. ആന്റണി, ക്രെഡായ് നാഷണൽ വൈസ് പ്രസിഡണ്ട് രഘുചന്ദ്രൻ നായർ, ക്രെഡായ് കേരള ചെയർമാൻ ഹസീബ് അഹമ്മദ്, കേരള സെക്രട്ടറി ജനറൽ ഡോ. നജീബ് സക്കറിയ, കെ പി എം ജി പ്രതിനിധി ജയേഷ് കരിയ എന്നിവർ സമീപം

നിർമാണ മേഖലയിൽ യാഥാർത്ഥ്യ ബോധത്തോടെയുള്ള മാറ്റങ്ങൾ അനിവാര്യമാണെന്ന് സമാപന ചടങ്ങിൽ മുഖ്യാതിഥിയായ ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ പറഞ്ഞു. ഈ മേഖലയിൽ കൃത്യമായ ആസൂത്രണം അനിവാര്യമാണ്. ഒരിഞ്ച് സ്ഥലം പോലും ലഭ്യമാകാത്ത തരത്തിൽ കേരളം ഒരു ഹൗസിങ്ങ് സൊസൈറ്റിയായി അതിവേഗം വളരുകയാണ്. കെട്ടിട നിർമാണത്തിനായുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവ് കനത്ത വെല്ലുവിളിയാണ്. നിർമാണ ആവശ്യത്തിനായി പാറ പൊട്ടിക്കാൻ അനുമതി നൽകുന്നതിന് എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു. അടിസ്ഥാന സൗകര്യ വികസനം ഇല്ലാത്തതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും ജസ്റ്റീസ് രാമചന്ദ്രൻ നായർ ചൂണ്ടിക്കാട്ടി.

ക്രെഡായി ദേശീയ വൈസ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ, കേരള ചെയർമാൻ ഹസീബ് അഹമ്മദ്, ഡോ. നജീബ് സക്കറിയ, ജയേഷ് കരിയ എന്നിവർ സമാപന ചടങ്ങിൽ സംസാരിച്ചു. കോൺഫറൻസ് ചെയർമാൻ എം.വി. ആന്റണി നന്ദി പറഞ്ഞു.