ഫാക്ട് എഫ്ആർബിഎൽ ന് റെക്കോർഡ് നേട്ടം

Posted on: August 28, 2016

FACT-Malayalam-University-l

കൊച്ചി : തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ലൈബ്രറി മന്ദിരം 67 ദിവസത്തിനുള്ളിൽ പൂർത്തീകരിച്ച് ഫാക്ട് എഫ്ആർബിഎൽ ലിമിറ്റഡിന് റെക്കോർഡ് നേട്ടം. പതിനായിരം ചതുരശ്രഅടി വസ്തീർണമുള്ള മന്ദിരമാണ് 67 ദിവസത്തിനുള്ളിൽ പണിതുയർത്തി കൈമാറിയത്.

മുബൈയിലെ ആർസിഎഫുമായി ചേർന്ന് ഫാക്ട് അവതരിപ്പിച്ച ജിപ്‌സം ഭിത്തികൾ കൊണ്ടുളള പുതിയ കെട്ടിടനിർമാണരീതിയാണ് ലൈബ്രറി മന്ദിരത്തിന്റെ നിർമാണത്തിനായി അവലംബിച്ചത്. ഭിത്തിയും മേൽക്കൂരയും ഉൾപ്പെടെ ജിപ്‌സം ബോർഡുകൾ ഉപയോഗിച്ചാണ് പണിതിരിക്കുന്നത്. കൂടുതൽ കാലം ഈടുനിൽക്കുന്ന ഈ സാങ്കേതികവിദ്യ നിർമാണച്ചെലവിൽ 25 ശതമാനത്തോളം കുറവുണ്ടാക്കും.

കെട്ടിടത്തിനുള്ളിലെ താപനിലയും കോൺക്രീറ്റ് കെട്ടിടങ്ങളെ അപേക്ഷിച്ച് നാലു ഡിഗ്രിവരെ കുറവായിരിക്കും. കെട്ടിടനിർമാണത്തിൽ കാണിച്ച പ്രതിബദ്ധതയ്ക്ക് നന്ദിസൂചകമായി മലയാള സർവകലാശാല വൈസ് ചാൻസ്‌ലർ കെ. ജയകുമാർ ഒപ്പിട്ട അഭിനന്ദനപത്രം ഫാക്ട് അധികൃതർക്ക് കൈമാറി.