കല്യാൺ ഡെവലപ്പേഴ്‌സ് കേരളത്തിൽ 300 കോടി രൂപ മുതൽമുടക്കും

Posted on: July 29, 2016

T.-S.-Kalyanaraman-Big

കൊച്ചി : കല്യാൺ ജൂവലേഴ്‌സിന്റെ സഹോദര സ്ഥാപനമായ കല്യാൺ ഡെവലപ്പേഴ്‌സ് കേരളത്തിലെ വികസനപരിപാടികൾക്കായി 300 കോടി രൂപയുടെ നിക്ഷേപം നടത്തും. തിരുവനന്തപുരത്ത് പേട്ടയിലും പേരൂർക്കടയ്ക്കു സമീപം കുടപ്പനക്കുന്നിലും ഇൻഫോസിസിനു സമീപം എൻഎച്ച് ബൈപാസിലും പുതിയ മൂന്ന് പദ്ധതികൾക്കു തുടക്കം കുറിക്കും. നൂറ് അപ്പാർട്ടുമെന്റുകളുള്ള പേട്ടയിലെ കല്യാൺ സെൻട്രം, പേരൂർക്കട കുടപ്പനക്കുന്നിലെ കല്യാൺ സഫയർ എന്നിവയ്ക്ക് ഈ മാസം തന്നെ തുടക്കമാകും. എൻഎച്ച് ബൈപാസിലെ കല്യാൺ അവന്തി ഈ വർഷം തന്നെ തുടങ്ങും.

കൊച്ചി, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലായി കല്യാൺ ഡെവലപ്പേഴ്‌സ് അഞ്ച് റെസിഡൻഷ്യൽ പദ്ധതികൾക്ക് കൂടി തുടക്കം കുറിക്കുന്നുണ്ട്. ആകെ പത്ത് ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള എട്ട് പദ്ധതികൾക്കായി 300 കോടി രൂപയാണ് മുതൽ മുടക്കുന്നത്. നിലവിൽ ആറ് ലക്ഷം ചതുരശ്രയടിയുടെ നിർമാണമാണ് വിവിധ റെസിഡൻഷ്യൽ പദ്ധതികളിലായി നടന്നുകൊണ്ടിരിക്കുന്നത്.

കല്യാൺ ഡെവലപ്പേഴ്‌സ് ആധുനികവും ലോകോത്തര നിലവാരത്തിലുള്ളതുമായ പാർപ്പിട സൗകര്യങ്ങൾ തിരുവനന്തപുരം നഗരത്തിന് ലഭ്യമാക്കുമെന്ന് കല്യാൺ ഡവലപ്പേഴ്‌സ് ചെയർമാൻ ടി.എസ്. കല്യാണരാമൻ പറഞ്ഞു. സുസ്ഥിര വികസന മാതൃകകളായിരിക്കും ഇവ. കേരളത്തിലെ വളർച്ചയെക്കുറിച്ച് പ്രതീക്ഷകൾ ഏറെയുണ്ടെന്നും 300 കോടി രൂപയുടെ നിക്ഷേപം കേരളത്തിലെ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഗുണമേന്മയുള്ള വീടുകളുടെ ആവശ്യകതയ്ക്കും പിന്തുണ നല്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉപയോക്താക്കളുടെ പ്രതീക്ഷകൾക്കനുസരിച്ച് ഗുണമേന്മയുള്ള വീടുകൾ പറഞ്ഞ സമയത്ത്് തന്നെ നല്കുന്നതിനാണ് കല്യാൺ ഡെവലപ്പേഴ്‌സ് ശ്രമിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ആർ. കാർത്തിക് പറഞ്ഞു. പേട്ടയിലെ കല്യാൺ സെൻട്രവും കുടപ്പനക്കുന്ന് പേരൂർക്കടയിലെ കല്യാൺ സഫയറും തിരുവനന്തപുരത്ത് ആഡംബരപൂർണമായ ആധുനിക ജീവിതവും സൗകര്യങ്ങളും ഉറപ്പുനല്കുന്ന മികച്ച ലൊക്കേഷനുകളാണ്. താമസക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന ഇൻ-ബിൽറ്റ് സുരക്ഷാ സംവിധാനങ്ങളാണ് ഈ വീടുകൾക്കായി ഒരുക്കിയിരിക്കുന്നതെന്നും കാർത്തിക് ചൂണ്ടിക്കാട്ടി.

കുടപ്പനക്കുന്ന്, പേരൂർക്കടയിൽ 18 നിലകളിലായി 56 അപ്പാർട്ട്‌മെന്റുകളുള്ള കല്യാൺ സഫയർ സിവിൽ സ്റ്റേഷനിൽനിന്നും 0.5 കിലോമീറ്റർ മാത്രം അകലെയാണ്. പ്രമുഖ സ്‌കൂളുകളായ സെന്റ് തോമസ്, ലയോള എന്നിവ ഇതിന് സമീപമാണ്. പതിമൂന്ന് നിലകളിലുള്ള കല്യാൺ സെൻട്രത്തിൽ 40 അപ്പാർട്ട്‌മെന്റുകളാണുള്ളത്. പേട്ടയിൽ എയർപോർട്ടിനും സിറ്റി സെന്ററിനും വളരെയടുത്താണിത്. സ്വിമ്മിംഗ് പൂൾ, ഇൻഡോർ ഗെയിംസ് സൗകര്യം, കുട്ടികൾക്കായി കളിസ്ഥലം, പാർട്ടി ഹാൾ, റെറ്റിക്കുലേറ്റഡ് ഗ്യാസ് സപ്ലെ, ഇന്റർകോം സഹിതമുള്ള വീഡിയോ ഡോർ ഫോൺ, സൈ്വപ് കാർഡ് അക്‌സസ് കൺട്രോൾ എന്നിങ്ങനെയുള്ള ആധുനിക സൗകര്യങ്ങൾ രണ്ട് പദ്ധതികളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.