സ്മാർട് സിറ്റികൾ യാഥാർഥ്യമാക്കുന്നതിനെക്കുറിച്ച് ക്രെഡായ് ചർച്ചചെയ്തു

Posted on: February 6, 2016

CREDAI-Meeting-Kochi-feb16-

കൊച്ചി : കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സ്മാർട് സിറ്റികൾ യാഥാർഥ്യമാക്കുന്നതിന് സർക്കാരുമായി എങ്ങനെ സഹകരിക്കാം എന്നത് സംബന്ധിച്ച് കൊച്ചിയിൽ നടന്ന കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡവലപ്പേഴ്‌സ് (ക്രെഡായ്) ന്റെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി – ഗവേണിംഗ് കൗൺസിൽ (ഇസി-ജിസി) യോഗം ചർച്ച ചെയ്തു.

റിയൽ എസ്റ്റേറ്റ് രംഗത്തെ പുതിയ സംഭവ വികാസങ്ങൾ വിലയിരുത്തുന്നതിന് മൂന്ന് മാസത്തിലൊരിക്കൽ ചേരുന്ന ക്രെഡായ് ഇസി-ജിസി യോഗം ഈ മേഖലയിൽ പരമാവധി ഗുണമേന്മ ഉറപ്പ് വരുത്തുന്നത് സംബന്ധിച്ചുള്ള മാർഗ നിർദേശങ്ങൾ 11500-ലേറെ വരുന്ന ക്രെഡായ് അംഗങ്ങൾക്ക് ലഭ്യമാക്കി വരുന്നു.

കൊച്ചി ചാപ്്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ ധനകാര്യസെക്രട്ടറിയെ കെ. എം. എബ്രഹാം ഐഎഎസ് മുഖ്യാതിഥിയായിരുന്നു. കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ഏലിയാസ് ജോർജ് ഐഎഎസ് കൊച്ചിയിലെ ഗതാഗത സംവിധാനത്തെക്കുറിച്ച് സംസാരിച്ചു. സ്മാർട്ട് സിറ്റി സംബന്ധിച്ചുള്ള ചർച്ചകൾക്ക് പൊതുമരാമത്ത് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസ് നേതൃത്വം നൽകി. ചീഫ് സെക്രട്ടറി ജിജി തോംസനും യോഗത്തിൽ സംബന്ധിക്കുകയുണ്ടായി. 2022-ആവുമ്പോഴേക്കും എല്ലാവർക്കും ഭവനം എന്ന ലക്ഷ്യം യാഥാർഥ്യമാക്കുന്നതിനുള്ള ക്രെഡായിയുടെ നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു.

രാജ്യത്തെ പാർപ്പിട മേഖലയെ സംബന്ധിച്ച സ്ഥിതി വിവരണക്കണക്കുകൾ തയാറാക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ മാർക്കറ്റ് റിസർച്ച് ബ്യൂറോ (ഐഎംആർബി) യുമായി യോഗത്തിൽ ധാരണാ പത്രത്തിൽ ഒപ്പുവച്ചു. റിയൽ എസ്റ്റേറ്റ് വിപണിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുന്നതിന് യഥാർഥ സ്ഥിതി വിവരണക്കണക്കുകൾ സഹായകമാവും.

ക്രെഡായ് പ്രസിഡന്റ് ഗിതാംബർ ആനന്ദ്, ചെയർമാൻ ഇർഫാൻ റസാഖ്, സെക്രട്ടറി ബൊമൻ ഇറാനി, ഗവേണിംഗ് കൗൺസിൽ മെബർ ധർമേഷ് ജെയിൻ എന്നിവർ യോഗത്തെ അഭിസംബോധ ചെയ്തു. ക്രെഡായ് കൊച്ചിനടപ്പാക്കി വരുന്ന ക്ലിൻ സിറ്റി പദ്ധതിയുടെ പുരോഗതി ഡോ. സജീബ് സഖറിയ വിശദീകരിച്ചു. ക്രെഡായ് കേരള ചെയർമാൻ കെ.വി. ഹസീബ് അഹമ്മദ് സ്വാഗതമശംസിച്ചു. ഗുരുവായൂരും പാലക്കാട്ടും പുതിയ ചാംപ്റ്ററുകൾ ആരംഭിച്ചു.