സ്റ്റുഡിയോ അപാർട്ട്‌മെന്റുകൾ തരംഗമാകുന്നു

Posted on: June 1, 2013

റിയൽ എസ്റ്റേറ്റ് രംഗത്ത് സ്റ്റുഡിയോ അപാർട്ട്‌മെന്റുകൾക്ക് പ്രചാരമേറുന്നു. ഒതുക്കവും സ്വയം പര്യാപ്ത്തതയുമാണ് സ്റ്റുഡിയോ അപാർട്ട്‌മെന്റുകളെ ആകർഷണീയമാക്കുന്നതും. ജോലി, പഠനം, ഉല്ലാസം, വിശ്രമം തുടങ്ങിയവയ്‌ക്കെല്ലാം സ്റ്റുഡിയോ അപാർട്ട്‌മെന്റിൽ ഇടമുണ്ടാകുമെന്നതെല്ലാം ഇതിന്റെ പ്രത്യേകതകളാണ്. അപാർട്ട്‌മെന്റിൽ വാതിലിന്റെ മറയോടെ പ്രത്യേകം തിരിച്ചിട്ടുള്ളത് ബാത്ത്‌റൂം മാത്രമാണ്.

വളരെ ആദായകരമായ നിക്ഷേപം കൂടിയാണ് സ്റ്റുഡിയോ അപാർട്ട്‌മെന്റുകൾ. യുവ പ്രഫഷണലുകളെ സംബന്ധിച്ചിടത്തോളം ചെലവു കുറഞ്ഞതും ഏറ്റവും സൗകര്യപ്രദവുമാണ്. വൻ മുതൽമുടക്കായതിനാൽ വലിയൊരു വിഭാഗത്തിന് അപാർട്ട്‌മെന്റുകളിൽ നിക്ഷേപിക്കാൻ സാധിക്കാതെ വരുന്നു. ഇതിനു പറ്റിയ ബദലാണ് സ്റ്റുഡിയോ അപാർട്ട്‌മെന്റ്. സ്ഥലം മാറിവരുന്ന കോർപറേറ്റ് ജീവനക്കാർക്കും പ്രവാസികൾക്കും മറ്റും ഏറെ ആശ്വാസകരമാകും ഈ അപാർട്ട്‌മെന്റുകൾ.

മുന്തിയ ഹോട്ടലുകളിലെ സൗകര്യങ്ങളും വീട്ടീലെ സ്വകാര്യതയും ലഭിക്കും. പാശ്ചാത്യ നാടുകളിൽ ഉടലെടുത്തതാണെങ്കിലും ഇന്ത്യൻ റിയൽ എസ്റ്റേറ്റ് രംഗത്തെ ഇവ കീഴടക്കിക്കളഞ്ഞു. ദമ്പതികളായാലും ഒറ്റയ്ക്കു താമസിക്കുന്ന പ്രൊഫഷണലുകളായാലും വിദ്യാർത്ഥികളായാലും പകരം വയ്ക്കാനൊരു വീടാണ് ഈ അപാർട്ട്‌മെന്റുകൾ. ഒരു ബഡ്‌റൂം താമസസൗകര്യത്തേക്കാൾ വാടകയും കുറവാണ് സ്റ്റുഡിയോകൾക്ക്. ചെറിയ മുതൽ മുടക്കിൽ നല്ല റിട്ടേൺ തന്നെയാണ് സ്റ്റുഡിയോകളെ ഇത്രയും ആകർഷണീയമാക്കുന്നത്.

പുതിയതായി ജോലി തുടങ്ങിയവർക്കും നവ ദമ്പതികൾക്കും വലിയ അപാർട്ട്‌മെന്റുകൾ താങ്ങാനാവില്ല. പ്രത്യേകിച്ച് മെട്രോ നഗരങ്ങളിൽ. ഇത്തരക്കാർക്ക് ഏറ്റവും അനുയോജ്യമാണ് സ്റ്റുഡിയോ അപാർട്ട്‌മെന്റുകൾ. താമസത്തിനായി വലിയ തുക മുടക്കാൻ താൽപര്യമില്ലാത്ത യുവ പ്രഫഷണലുകളും സ്റ്റുഡിയോകൾ പോലുള്ള സുരക്ഷിതമായ താമസ സൗകര്യത്തെ ആശ്രയിക്കുന്നു. ജോലി സ്ഥലത്തിനടുത്ത് തന്നെ ഇവ ലഭിച്ചാൽ യാത്രാ ചെലവും ലാഭിക്കാമെന്ന ഗുണവുമുണ്ട്. ചെലവു കുറഞ്ഞതും മാറി പോകുമ്പോൾ എളുപ്പത്തിൽ വിൽക്കാവുന്നതുമായ സൗകര്യങ്ങളോടാണ് യുവജനങ്ങൾക്ക് താൽപര്യം.

ഏറ്റവും സൗകര്യപ്രദമായ ഇടങ്ങളിലാണ് എന്നത് തന്നെയാണ് സ്റ്റുഡിയോ അപാർട്ട്‌മെന്റുകൾക്ക് ഇത്ര പ്രചാരം ലഭിക്കാൻ പ്രധാന കാരണം. ജോലി സ്ഥലം, സ്‌കൂൾ, കോളജ്, ആശുപത്രി, ഷോപ്പിംഗ് മോൾ, സൂപ്പർ മാർക്കറ്റ്, തിയേറ്ററുകൾ തുടങ്ങിയവയ്ക്ക് അടുത്തുളള സ്റ്റുഡിയോ അപാർട്ട്‌മെന്റുകൾക്കു നല്ല ഡിമാൻഡുണ്ടാവും.

വിലകുറവും, മികച്ച ലൊക്കേഷനുകളും സൗകര്യങ്ങളും ചേരുമ്പോൾ സ്റ്റുഡിയോ അപാർട്ട്‌മെന്റുകൾക്ക് എല്ലാ വിഭാഗക്കാർക്കിടയിലും ഇനിയും ഡിമാൻഡ് വർധിക്കുവാൻ തന്നെയാണ് സാധ്യതയെന്നും പഠനങ്ങൾ വിലയിരുത്തുന്നു.