ഫ്രെഷ് ടു ഹോം യു.എ.ഇ.യിലേക്ക് : ഇന്ത്യയില്‍ 100 സ്‌റ്റോറുകള്‍ തുറക്കും

Posted on: April 18, 2019

കൊച്ചി : മലയാളികളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ ഫ്രെഷ് ടു ഹോം ഡോട്ട് കോം 100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങുന്നു. മത്സ്യത്തിന്റെയും മാംസത്തിന്റെയും ഓണ്‍ലൈന്‍ ഡെലിവറി ഒരുക്കുന്ന സംരംഭം വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യക്ക് പുറത്തേക്കും സാന്നിദ്ധ്യം വ്യാപിപ്പിക്കുകയാണ്. ആദ്യഘട്ടമായി യു.എ.ഇ.  യിലുടനീളം ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് കമ്പനി.

ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍ സര്‍വീസ് ആരംഭിച്ച കമ്പനി രണ്ടാഴ്ചയ്ക്കകം അബുദാബിയിലുമെത്തും. കേരളത്തില്‍ നിന്നുള്ള പച്ചമീനാണ് വിമാനമാര്‍ഗം യു.എ.ഇ. യിലെത്തിക്കുന്നതെന്ന് ഫ്രെഷ് ടു ഹോം സ്ഥാപകനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ മാത്യു ജോസഫ് പറഞ്ഞു. ആഗോള സോഷ്യല്‍ ഡെവലപ്പറായ സിംഗയുടെ ഇന്ത്യയിലെ മേധാവിയായിരുന്ന ഷാന്‍ കടവിലാണ് മറ്റൊരു സ്ഥാപകന്‍.

ദുബായിയിലെ പ്രമുഖ വ്യവസായി അബ്ദുള്‍ അസീസ് അല്‍ഖുറൈറിന്റെയും ഷാര്‍ജയിലെ ക്രെസന്റ് ക്യാപിറ്റലിന്റെയും മൂലധന നിക്ഷേപമെത്തിയതോടെയാണ് യു.എ.ഇ. യിലെ ചുവടുവെപ്പിന് ശക്തി പകര്‍ന്നത്.

വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓഫ്‌ലൈന്‍ വിപണിയിലേക്കു കൂടി ചുവടുവെയ്്ക്കുകയാണ് കമ്പനി. ഇന്ത്യയിലൊട്ടാകെ, 100 ഫ്രെഷ് ടു ഹോം സ്റ്റോറുകള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ ആദ്യത്തേത് ബംഗലുരുവില്‍ സജ്ജമായി.
ഇത്തരം സ്‌റ്റോറുകളുടെ ഭാഗമായി സീഫുഡ് റെസ്റ്റോറന്റുകളുടെ ശൃംഖലയൊരുക്കാനും പദ്ധതിയുണ്ടെന്ന് മാത്യു ജോസഫ് പറഞ്ഞു.

 

TAGS: FreshtoHome |