ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ജീവനക്കാരെ മുഖ്യമന്ത്രി ആദരിച്ചു

Posted on: February 18, 2019

കൊച്ചി : പ്രളയത്തിനുശേഷം കേരളത്തിലെ വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ നിസ്വാര്‍ത്ഥ സേവകരായി അണിനിരന്ന ആസ്റ്റര്‍ ജീവനക്കാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ ആദരിച്ചു. പ്രളയത്തെത്തുടര്‍ന്ന്, ആസ്റ്റര്‍ ഹോംസ് ഫണ്ടിലൂടെ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ 15 കോടി രൂപ (7.7 ദശലക്ഷം യുഎഇ ദിര്‍ഹം) വാഗ്ദാനം ചെയ്തിരുന്നു. ഇതില്‍ 2.5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ബാക്കി വരുന്ന 12.5 കോടി രൂപ സംസ്ഥാനത്ത് പ്രളയത്തിനിരയായവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിക്കാനും, തകര്‍ന്ന വീടുകളുടെ കേടുപാടുകള്‍ ശരിയാക്കാനുമാണ് വിനിയോഗിക്കുന്നത്.

ഇത്തരത്തില്‍ 250 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 60 ആസ്റ്റര്‍ ജീവനക്കാരാണ് 2.25 കോടി രൂപ (1.16 ദശലക്ഷം യുഎഇ ദിര്‍ഹം) ചെലവുവരുന്ന 45 വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ സംഭാവന നല്‍കിയത്. 9 രാജ്യങ്ങളിലായുള്ള ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരും കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായുളള ആസ്റ്റര്‍ ഹോംസ് ഫണ്ടിലേക്ക് അവരുടെ ശമ്പളത്തില്‍ നിന്നും സംഭാവന നല്‍കിയിട്ടുണ്ട്. ജീവനക്കാരില്‍ നിന്നും മൊത്തം സംഭാവനയായി ലഭിച്ചത് 5.88 കോടി രൂപ(3.04 ദശലക്ഷം യുഎഇ ദിര്‍ഹം)യാണ്.

സമൂഹത്തിന് തിരികെ നല്‍കുക എന്നത് ആസ്റ്റര്‍ വോളണ്ടിയേര്‍സ് ആഗോള ദൗത്യം ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി. പ്രളയം പലര്‍ക്കും വീടുകള്‍ നഷ്ടപ്പെടുത്തുകയും നിരവധി പേരെ അഭയാര്‍ത്ഥികളാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍, സഹായമാവശ്യമുളളവര്‍ക്കായി കര്‍മ്മനിരതരായി രംഗത്തിറങ്ങുകയെന്നതാണ് നമുക്ക് ചെയ്യാനുളളത്. മറ്റുളളവര്‍ക്കായി നിസ്വാര്‍ത്ഥ സേവനത്തിന് തയ്യാറായ ജീവനക്കാരുടെ നല്ല മനസ്സിന് മുന്നില്‍ അഭിമാനം കൊളളുന്നതായും ഡോ. ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.

റോട്ടറി ഇന്റര്‍നാഷനല്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, ജീവകാരുണ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെയും പിന്തുണയോടെയാണ് പ്രളയത്തിന് ഇരയായവര്‍ക്ക് വീടുകള്‍ പുനര്‍നിര്‍മ്മിച്ചുനല്‍കാനുളള ദൗത്യം ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. കേരളം പ്രളയക്കെടുതികളിലേക്ക് എടുത്തെറിയപ്പെട്ടപ്പോള്‍ ആരോഗ്യ പരിപാലനവും ദുരിത ബാധിതര്‍ക്ക് സന്നദ്ധ സേവനവുമേകി ആദ്യമെത്തിയ സംഘവും ആസ്റ്റര്‍ വോളണ്ടിയേഴ്‌സായിരുന്നു. പ്രളയം ബാധിച്ച ആദ്യ ആഴ്ചകള്‍ക്കിടെ തന്നെ 50,000 പേരിലേക്ക് സഹായമെത്തിക്കാന്‍ ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന് സാധിച്ചു. ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ എയ്ഡ് കേരള ദൗത്യത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് ആസ്റ്റര്‍ ഹോംസ് എന്ന പേരില്‍ നവകേരള സൃഷ്ടിക്കായി വീടുകളുടെ നിര്‍മ്മാണമേറ്റെടുത്ത് മുന്നോട്ട് പോകുന്നത്.