ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ 50 ശതമാനം ഓഹരികള്‍ ജീവനക്കാര്‍ക്ക്

Posted on: January 5, 2019

ദുബായ് : വ്യവസായിയും ഹോളിവുഡ് സംവിധായകനുമായ സോഹന്‍ റോയ് കഴിഞ്ഞ വിവാഹ വാര്‍ഷിക വേളയില്‍ സ്വന്തം സ്ഥാപനങ്ങളിലെ ജീവനക്കാരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ദുബായ് ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനായ സോഹന്‍ റോയ് കമ്പനിയുടെ 50 ശതമാനം ഓഹരികളാണ് സ്വന്തം ജീവനക്കാര്‍ക്ക് വീതിച്ചു നല്‍കിയത്. ഇതോടെ ശമ്പളത്തിനു പുറമേ നല്ലൊരു ശതമാനം തുക ജീവനക്കാര്‍ക്കും അക്കൗണ്ടുകളിലെത്തും. ഏരീസ് ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ ജീവനക്കാരുടെ പങ്ക് നിസ്തുലമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു സോഹന്‍ റോയ് ഈ പ്രഖ്യാപനം നടത്തിയത്. കമ്പനിയിലെ എല്ലാ സ്ഥിരജീവനക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ജീവനക്കാര്‍ കൂടി കമ്പനിയുടെ ഓഹരി പങ്കാളികളാകുന്നതോടെ ഇവരുടെ കുടുംബാഗങ്ങള്‍ക്കും ആജീവനാന്തകാലം ഇത് ഗുണം ചെയ്യും.

ഇതാദ്യമായല്ല സോഹന്‍ റോയ് ജീവനക്കാര്‍ക്കായി ഇത്തരം വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. കമ്പനിയുടെ കഴിഞ്ഞ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ 15 കോടി വിലമതിക്കുന്ന ഷെയറുകളാണ് മുതിര്‍ന്ന ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കിയത്. ഇതു കൂടാതെ മറ്റു ജീവനക്കാര്‍ക്കും, കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും നിരവധി സമ്മാനങ്ങളും നല്കുകയുണ്ടായി.

ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് ഉള്‍പ്പടെ പെന്‍ഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥാപനം കൂടിയാണ് ഏരീസ് ഗ്രൂപ്പ്. സ്റ്റാഫ് റിട്ടയേര്‍മെന്റും, പെന്‍ഷന്‍ സംവിധാനവും ഉള്ള മിഡില്‍ ഈസ്റ്റിലെ ഏക കമ്പനി. 15 രാജ്യങ്ങളിലായി 48 അന്താരാഷ്ട്ര കമ്പനികളുള്ള ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നാണ്.

ആഗോളതലത്തില്‍ 1600 ജീവനക്കാരുള്ള ഏരീസ് ഗ്രൂപ്പിന് ഇന്ത്യയില്‍ മാത്രം നാനൂറോളം പേരുണ്ട്. വിദഗ്ധരും, നൂതന പ്രവണതകളെ അടുത്തറിയുകയും ചെയ്യുന്ന എന്‍ജിനീയര്‍മാരും ടെക്‌നീഷ്യന്മാരും ഉള്‍പ്പെടുന്ന ഒരു സംഘം ജീവനക്കാരാണ് കമ്പനിയുടെ സാങ്കേതിക സേവനം മികവുറ്റതാക്കുന്നത്. മാധ്യമം, മെഡിക്കല്‍ ടൂറിസം, സിനിമ മേഖലകളിലും ഏരീസ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.