ഗള്‍ഫില്‍ നിന്നുള്ള മൃതദേഹം : എയര്‍ ഇന്ത്യ നിരക്ക് ഏകീകരിച്ചു

Posted on: January 5, 2019

ദുബായ് : ഗള്‍ഫ് നാടുകളില്‍ നിന്ന് മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിരക്ക് എയര്‍ ഇന്ത്യ നിരക്ക് ഏകീകരിച്ചു. മുതിര്‍ന്നവരുടെ മൃതദേഹത്തിന് 1500 ദിര്‍ഹവും (ഏകദേശം 30,000 രൂപ) 12 വയസിന് താഴെയുള്ളവര്‍ക്ക് 750 ദിര്‍ഹവും (ഏകദേശം 15,000 രൂപ) ആണ് പുതിയ നിരക്ക്. ജനുവരി അഞ്ചിന് ഇത് പ്രാബല്യത്തില്‍ വരുംയ ഇതിനൊപ്പം 110 ദിര്‍ഹം (ഏകദേശം 2089 രൂപ) കസ്റ്റംസ് ഡ്യൂട്ടിയായും 314 ദിര്‍ഹം (ഏകദേശം 5951 രൂപ) എയര്‍പോര്‍ട്ട് ചാര്‍ജായും നല്‍കേണ്ടി വരും.

ഇതോടെ മൃതദേഹങ്ങള്‍ തൂക്കിനോക്കി നിരക്ക് നിശ്ചയിക്കുന്ന രീതിയാണ് ഒഴിവാകുന്നത്. ഗള്‍ഫ് നാടുകളില്‍ നിന്ന് ഏത് ഇന്ത്യന്‍ നഗരത്തിലേക്കും എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് പുതിയ ഏകീകരിച്ച നിരക്ക് ബാധകമാണ്.

പ്രവാസികളുടെ മൃതദേഹങ്ങള്‍ തൂക്കിനോക്കാതെ സൗജന്യമായി കൊണ്ടുപോകാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു എ ഇയിലെ പൊതുപ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതു സംബന്ധിച്ച് കോടതി വ്യോമയാന മന്ത്രാലയത്തിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് തിടുക്കത്തില്‍ എയര്‍ ഇന്ത്യയുടെ നടപടി.

TAGS: Air India |