ഇന്ത്യ – യു എ ഇ വിനിമയം ഇനി സ്വന്തം കറന്‍സിയില്‍

Posted on: December 5, 2018

അബുദാബി : സ്വന്തം കറന്‍സിയില്‍ ഇടപാട് നടത്താന്‍ അനുവദിക്കുന്ന സ്വാപ് കരാര്‍ ഉള്‍പ്പെടെ രണ്ട് ധാരണാപത്രങ്ങളില്‍ ഇന്ത്യയും യു എ ഇയും ഒപ്പ് വച്ചു. വിദേശകാര്യമന്ത്രി സുഷ്മാ സ്വരാജ്, യു എ ഇ വിദേശ കാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യു എ ഇ – ഇന്ത്യ ജോയിന്റ് കമ്മിഷന്‍ യോഗത്തില്‍ ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി.

ഡോളര്‍ ഉള്‍പ്പെടെയുള്ള കറന്‍സികളുടെ മധ്യസ്ഥമില്ലാതെ രൂപയിലും ദിര്‍ഹത്തിലും ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്നതാണ് കറന്‍സി സ്വാപ് കരാര്‍. ഡോളറിന്റെ ഉയര്‍ച്ചയും താഴ്ചയും ഇന്ത്യയും യു എ ഇയും തമ്മിലുള്ള വിനിമയത്തെ ബാധിക്കില്ലെന്നതാണു നേട്ടം.

ആഫ്രിക്കയുടെ വികസനത്തിനു സംയുക്ത പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുള്ളതാണു രണ്ടാമത്തെ കരാര്‍. ഊര്‍ജം, സുരക്ഷ, പ്രതിരോധം, വാണിജ്യം, നിക്ഷേപം, ബഹിരാകാശം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കാനും ധാരണയായി.