ഫെസ്റ്റിവല്‍ പ്ലാസയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റും

Posted on: November 8, 2018

ദുബായ് : അത്യാഡംബര ഷോപ്പിംഗ് ഡെസ്റ്റിനേഷനെന്ന നിലയിലാണ് ജെബെല്‍ അലിയില്‍ അല്‍ ഫുട്ടൈയ്മിന്റെ ഫെസ്റ്റിവല്‍ പ്ലാസ ഒരുങ്ങുന്നത്. വന്‍കിട ബ്രാന്‍ഡുകളെയെല്ലാം ഫെസ്റ്റിവല്‍ പ്ലാസയില്‍ അണിനിരത്താനുള്ള ശ്രമത്തിലാണ് അല്‍ ഫുട്ടൈം. ദുബായിലെ രണ്ടാമത് ഐക്കിയ സ്റ്റോറും ഫെസ്റ്റിവല്‍ പ്ലാസയിലുണ്ടായകും. എസിഇ ഹാര്‍ഡ് വെയറും പ്ലാസയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അല്‍ ഫുട്ടൈം പ്രഖ്യാപിച്ചിട്ടുണ്ട്.

2017 മാര്‍ച്ചിലായിരുന്നു ഫെസ്റ്റിവല്‍ പ്ലാസയ്ക്ക് ജെബല്‍ അലിയില്‍ തറക്കല്ലിട്ടത്. അതിവേഗത്തിലാണ് പദ്ധതിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. 2019 ലെ നാലാം ക്വാട്ടറില്‍ പ്ലാസ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അല്‍ ഫുട്ടൈം വ്യക്തമാക്കിയിട്ടുണ്ട്.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുമായി പങ്കാളത്തില്‍ ഏര്‍പ്പെടുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍. പ്ലാസയിലേക്ക് ലുലുവിനെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നു. ഇതിലൂടെ ഏറ്റവും മികച്ച റീട്ടെയ്ല്‍ അനുഭവം ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ദുബായ് സൗത്തിനെ സംബന്ധിച്ചിടത്തോളം നവ്യാനുഭവമാകും ഫെസ്റ്റിവല്‍ പ്ലാസ- അല്‍ ഫുട്ടൈം റിയല്‍ എസ്റ്റേറ്റിന്റെ റീട്ടയ്ല്‍ മാള്‍സ് ( എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജീസ്) ഗ്രൂപ്പ് ഡയറക്ടര്‍ തിമോത്തി ഏണെസ്റ്റ് പറഞ്ഞു.

ദുബായ് സൗത്തിലെ പുതിയ ഷോപ്പിംഗ് ഡെസ്റ്റിനേഷന്റെ റീട്ടെയ്ല്‍ പദ്ധതിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ അഷ്‌റഫ് അലി എം എ പറഞ്ഞു. അത്യാധുനിക റീട്ടെയ്ല്‍ അന്തരീക്ഷത്തിലൂടെ ഉപഭോക്താക്കള്‍ക്ക് പുതിയ രീതികള്‍ പരിചയപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.