യുഎഇയിൽ മെഡ് കെയർ സൂപ്പർ നാനി സർട്ടിഫൈഡ് പരിശീലന പദ്ധതി

Posted on: December 22, 2017

ദുബായ് : യുഎഇയിലെ നാനിമാരുടെ വൈദഗ്ധ്യ പരിശീലനവും തൊഴിൽ ശാക്തീകരണവും ലക്ഷ്യമിട്ട് മെഡ്‌കെയർ സൂപ്പർ നാനി പരിശീലന പദ്ധതി പ്രഖ്യാപിച്ചു. കുട്ടികൾക്ക് രക്ഷിതാക്കളുടെ സഹായത്തോടെയുളള മികച്ച പരിപാലനം സാധ്യമാക്കാൻ നാനിമാരെ സജ്ജമാക്കുന്നതാണ് ഈ പദ്ധതി. കുട്ടികളെ പരിചരിക്കുന്ന സ്ത്രീകൾക്കും അവരുടെ ജോലി മികച്ച രീതിയിൽ നിർവഹിക്കാൻ വിദഗ്ധ പരിശീലനം ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് മെഡ്‌കെയറിലെ ശിശുരോഗ വിദഗ്ധർ സൂപ്പർ നാനി പരിശീലന പദ്ധതി തയാറാക്കിയിരിക്കുന്നത്.

ബേബി കെയർ, ചൈൽഡ് കെയർ, സ്വാഭാവ രൂപീകരണം, ശുചിതം, സുരക്ഷ, ചൈൽഡ് നൂട്രീഷൻ, എമർജൻസി കെയർ എന്നീ എട്ട് ഘട്ടങ്ങളായാണ് പരിശീനപദ്ധതി തയാറാക്കിയിട്ടുള്ളത്. ഓരോ പരിശീല ഘട്ടങ്ങളിലും അതാത് രംഗത്തെ വിദഗ്ധരായിരിക്കും സംബന്ധിക്കുക. സൈക്കോളജിസ്റ്റ്, നൂട്രിഷനിസ്റ്റ്, വിദ്യാഭ്യാസ വിദഗ്ധർ, ഡോക്ടർമാർ, നേഴ്‌സുമാർ എന്നിവരെല്ലാം ഇതിൽ ഉൾപ്പെടുന്നു.

എല്ലാ പ്രായത്തിലുമുളള കുട്ടികളുടെ മികച്ച പരിചരണം ലക്ഷ്യമിട്ട് നാനിമാർക്കായി വിഭാവനം ചെയ്യപ്പെട്ടതാണ് ഈ പദ്ധതിയെന്ന് മെഡ്‌കെയർ ശിശുരോഗവിഭാഗം സ്‌പെഷ്യാലിറ്റി സെന്റർ മേധാവി ഡോക്ടർ സയ്യിദ് മുഹമ്മദ് അനീസ് പറഞ്ഞു.

സൂപ്പർ നാനി പരിശീലന പദ്ധതി അവതരിപ്പിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ, ഹോസ്പിറ്റൽസ് ആൻഡ് ക്ലിനികിസ് ജിസിസി സിഇഒയും ഡയറക്ടറുമായ അലീഷാ മൂപ്പൻ പറഞ്ഞു. കുട്ടികളെ മികച്ച രീതിയിൽ വളർത്തുന്നതിനും പരിചരിക്കുന്നതിനും പരിശീലനം നൽകുന്ന ഇത്തരത്തിലുളള ആദ്യത്തെ പദ്ധതിയാവും ഇതെന്നും അവർ ചൂണ്ടിക്കാട്ടി.

മെഡ്‌കെയർ സിഒഒ ഡോ.ഷംസ അബ്ദുള്ള, ഡോ. മാലതി അർഷനപാലി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.