ഭിന്നശേഷികാർക്ക് സാന്ത്വനം പകർന്ന് ആസ്റ്റർ വോളണ്ടിയേഴ്‌സ്

Posted on: October 10, 2017

ദുബായ് : യുഎഇയിലെ ഭിന്നശേഷിക്കാരുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആസ്റ്റർ വോളണ്ടിയേഴ്‌സ്, ദുബായ് ക്ലബ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ (ദുബായ് ക്ലബ് ഫോർ ഡിസേബിൾഡ്) മായി സഹകരിച്ച് അൽ അമൽ – ദ ഹോപ് എന്ന പേരിൽ ഏക ദിന ഒത്തുചേരൽ സംഘടിപ്പിച്ചു. പരിപാടിയിൽ ഭിന്നശേഷിക്കാരായ 200 ൽപ്പരം പേരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. പുറത്തുനിന്നുളള 60 വോളണ്ടിയർമാർക്ക് പുറമേ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ വിവിധ ഡിവിഷനുകളിൽ നിന്നുമുളള മുപ്പതോളം വോളണ്ടിയർമാരും എൻജിഒ അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.

മെഡ്‌കെയർ വുമൺ & ചിൽഡ്രൻ, മെഡ്‌കെയർ ഹോസ്പിറ്റൽ, ആസ്റ്റർ ഹോസ്പിറ്റൽ & ക്ലിനിക്‌സ് എന്നീ സ്ഥാപനങ്ങളിലെ ഡോക്ടർമാരുടെ പങ്കാളിത്തത്തോടെ ആസ്റ്റർ വോളണ്ടിയർ മാർ പ്രത്യേക ആരോഗ്യ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. പാരാമെഡിക്കൽ ജീവനക്കാരുടെയും നേഴ്‌സുമാരുടെയും സേവനവും ക്യാമ്പിൽ ഉറപ്പുവരുത്തിയിരുന്നു. ജനറൽ മെഡിസിൻ, ഓർത്തോപീഡിക്‌സ്, പീഡിയാട്രിക്, ഡെൻഡിസ്ട്രി, ഗൈനക്കോളജി, ഇഎൻടി എന്നീ പ്രത്യേക വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിൽ പങ്കെുടുത്തു.

ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ 30 ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗ്രൂപ്പിന് സാന്നിധ്യമുളളിടങ്ങളിലെല്ലാം സമൂഹത്തിന് തിരികെ നൽകാനുളള നിരവധി ഉദ്യമങ്ങൾ നടപ്പിലാക്കി വരികയാണെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. അൽ -അമൽ എന്ന ഈ പരിപാടിയിലൂടെ നിശ്ചയദാർഢ്യത്തോടെ ജിവിതവിജയം കണ്ടെത്തുന്ന ഭിന്നശേഷിക്കാർക്ക് സഹായവും പിന്തുണയുമേകാനായതിലൂടെ ഞങ്ങൾ തന്നെ ആദരിക്കപ്പെട്ടിരിക്കുകയാണെന്നും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.

 

ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇതിനകം തന്നെ മുപ്പതോളം ഭിന്നശേഷിക്കാരെ വിവിധ സ്ഥാപനങ്ങളിലായി ജോലിക്ക് നിയമിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ ഇവരുടെ എണ്ണം നൂറ് തികയ്ക്കാനുളള ശ്രമത്തിലാണെന്നും ഡോ. ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു.

സമൂഹത്തെ സേവിക്കാനുളള ഓരോ വോളണ്ടിയറുടെയും നല്ല മനസ്സിനെയും ഈ അവസരത്തിൽ അഭിനന്ദിക്കുകയാണെന്ന് സ്‌പെഷ്യൽ പ്രോഡക്ട്‌സ് ഡയറക്ടറും ആസ്റ്റർ വോളണ്ടിയേഴ്‌സ് മേധാവിയുമായ ഡോ. സേബാ മൂപ്പൻ പറഞ്ഞു.