സാംസംഗ് ഗാലക്‌സി നോട്ട് 7 ന് യുഎഇ വിമാനക്കമ്പനികളുടെ വിലക്ക്

Posted on: September 12, 2016

samsung-galaxy-note-7-big

ദുബായ് : ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്ന് വില്പന നിർത്തിവെച്ച ഗാലക്‌സി നോട്ട് 7 ന് യുഎഇ വിമാനക്കമ്പനികളും വിലക്ക് ഏർപ്പെടുത്തി. യുഎസിലെ ഫെഡറൽ എവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ആണ് ആദ്യം നിയന്ത്രണം കൊണ്ടുവന്നത്. സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ സാംസംഗ് ഗാലക്‌സി നോട്ട് 7 ന് താത്കാലികമായി നിരോധനം ഏർപ്പെടുത്തുകയാണെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചു.

യുഎഇ ജനറൽ സിവിൽ എവിയേഷൻ അഥോറിട്ടിയുടെ നിർദേശ പ്രകാരം വിമാനങ്ങളിൽ ഗാലക്‌സി നോട്ട് 7 ഉപയോഗിക്കുന്നതും ബാറ്ററി ചാർജ് ചെയ്യുന്നതും നിരോധിച്ചതായി എമിറേറ്റ്‌സ് വൃത്തങ്ങൾ അറിയിച്ചു. സാംസംഗ് ഗാലക്‌സി നോട്ട് 7 ഓഫ് ചെയ്ത് ചെക്ക്ഡ് ബാഗേജിൽ സൂക്ഷിക്കാൻ എല്ലാ യാത്രക്കാരോടും എമിറേറ്റ്‌സ് അഭ്യർത്ഥിച്ചു.

ഫ്‌ളൈ ദുബായ് സമാനമായ നിർദേശം വെബ്‌സൈറ്റും ഫേസ്ബുക്കും വഴി യാത്രക്കാർക്ക് നൽകിയിട്ടുണ്ട്. സിംഗപ്പൂർ എയർലൈൻസ്, ക്വാന്റാസ്, വിർജിൻ ഓസ്‌ട്രേലിയ, എയർ ഫ്രാൻസ് തുടങ്ങിയ വിമാനക്കമ്പനികളെല്ലാം സാംസംഗ് ഗാലക്‌സി നോട്ട് 7 ന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.