ലുലുവിന് 22 രാജ്യങ്ങളിലായി 50,000 ജീവനക്കാര്‍

Posted on: December 28, 2018

റിയാദ് : സൗദി തലസ്ഥാനമായ റിയാദിലെ അല്‍ ഖര്‍ജില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചതോടെ ജീവനക്കാരുടെ എണ്ണം അരലക്ഷം കവിഞ്ഞതായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി അറിയിച്ചു. 22 രാജ്യങ്ങളിലായുള്ള ജീവനക്കാരില്‍ 26,480 മലയാളികള്‍ ഉള്‍പ്പെടെ മുപ്പതിനായിരത്തോളം പേരും ഇന്ത്യക്കാരാണ്.

ഗള്‍ഫ് മേഖലയില്‍ ഉള്‍പ്പെടെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതോടു കൂടി കൂടുതല്‍ മലയാളികള്‍ക്ക് ജോലി നല്‍കാന്‍ സാധിക്കുമെന്നും അദേഹം അറിയിച്ചു.

158ാം ഹൈപ്പര്‍ മാര്‍ക്കറ്റാണ് അല്‍ ഖര്‍ജില്‍ ഗവര്‍ണര്‍ മുസാബ് അബ്ദുല്ല അല്‍ മാദി ഉദ്ഘാടനം ചെയ്തത്. ഗ്രൂപ്പിന്റെ സൗദിയിലെ 15ാം ഹൈപ്പര്‍ മാര്‍ക്കറ്റാണിത്.

മൂന്ന് മാസത്തിനകം ദമാം, റിയാദ് എന്നിവിടങ്ങളില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങും. സൗദി ദേശീയ സുരക്ഷാ വിഭാഗമായ നാഷണല്‍ ഗാര്‍ഡ് കാമ്പുകളിലെ മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടുത്ത വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു.