ലുലുവിന്റെ 150-ാം ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദില്‍

Posted on: July 20, 2018

ലുലു ഗ്രൂപ്പിന്റെ 150-ാം ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം സൗദി ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റി ഗവര്‍ണര്‍ ഇബ്രാഹിം അല്‍ ഒമര്‍ നിര്‍വഹിക്കുന്നു.

 

 

റിയാദ് : ലുലു ഗ്രൂപ്പിന്റെ 150-ാം ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദിലെ യാര്‍മുഖില്‍ പ്രവര്‍ത്തനമാരംഭിച്ചു. സൗദി ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റി ഗവര്‍ണര്‍ ഇബ്രാഹിം അല്‍ ഒമറാണ് ഉദ്ഘാടനം ചെയ്തത്.

സാജിയ ഡെപ്യൂട്ടി ഗവര്‍ണര്‍ ഇബ്രാഹിം അല്‍ സുവൈല്‍, സൗദിയിലെ യു എ ഇ സ്ഥാനപതി ശൈഖ് ഷഖ്ബൂത്ത്് ബിന്‍ നഹ്യാന്‍ അല്‍ നഹ്യാന്‍, ഇന്ത്യന്‍ സ്ഥാനാപതി അഹമ്മദ് ജാവേദ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫ് അലി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫ് അലി, ഡയറക്ടര്‍ എം.എ സലീം, ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ്, പ്രിന്‍സ് തുര്‍ക്കി അല്‍ ഫര്‍ഹാന്‍, മുഹമ്മദ് അല്‍ സുദൈരി രാജകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

2.20 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് യാര്‍മുഖ് അത്യാഫ് മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. സൗദിയിലെ പതിമൂന്നാമത്തെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണിത്. ഗ്രോസറി, പച്ചക്കറികള്‍, ഗാര്‍ഹിക ഉത്പന്നങ്ങള്‍, ഇലക്‌ട്രോണിക്‌സ്, ഫാഷന്‍, ഐടി, സ്‌പോര്‍ട്‌സ് എന്നിവയുള്‍പ്പെടെയുള്ളവയുടെ വന്‍ശേഖരമാണ് സജ്ജമാക്കിയിട്ടുള്ളത്.

ചുരുങ്ങിയ കാലംകൊണ്ട് മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കാന്‍ സാധിച്ച ലുലുവിന്റെ വിജയകരമായ വളര്‍ച്ചയുടെ പുതിയ നാഴികക്കല്ലാണിതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു.

സൗദിയില്‍ ലുലുവിന്റെ സാന്നിദ്ധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കും. 2020-ല്‍ നൂറുകോടി സൗദി റിയാല്‍ (ഏകദേശം 1828 കോടി രൂപ) മുതല്‍ മുടക്കില്‍ 15 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി തുടങ്ങും. റിയാദില്‍ മൂന്നെണ്ണവും താബൂക്ക്, ദമാം എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും ഉള്‍പ്പെടെയാണിത്.