അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്സ് : സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

Posted on: February 25, 2019

കോഴിക്കോട് : ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്‌സിന്റെ 2019 ചാപ്റ്റര്‍ റിക്കാര്‍ഡിന് ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പട്ടവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
കോഴിക്കോട് ഹോട്ടല്‍ ഹൈസണില്‍ നടന്ന പുരസ്‌കാര ദാന ചടങ്ങ് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. അലി മണിക് ഫാന്‍, ഫിലിം മേക്കര്‍ ഷാഹിദ ബീഗം, പി.കെ. അഷ്റഫ് കക്കാട്ട് എന്നിവര്‍ക്കുള്ള പുരസ്‌കാരം കമാല്‍ വരദൂര്‍ സമ്മാനിച്ചു.

ലോക പ്രശസ്ത സമുദ്രഗവേഷകന്‍, കൃഷിശാസ്ത്രജ്ഞന്‍, ബഹുഭാഷാപണ്ഡിതന്‍, കപ്പല്‍ നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് അലി മണിക് ഫാന്‍. സൂര്യ-ചന്ദ്ര ഗ്രഹണങ്ങളെ ആഴത്തില്‍ പഠന വിധേയമാക്കുകയും ഇസ്ലാമിക് കലണ്ടര്‍ പ്രചാരണത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

കുട്ടികളെ ദുരുപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ഒരുക്കിയ ഏഴു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള മോണ്‍സ്റ്ററസ് എന്ന ഹ്രസ്വചിത്രം നിര്‍മിച്ചതിനാണ് ഷാഹിദ ബീഗത്തിന് റിക്കാര്‍ഡ്. എക്കോ ഫാമിംഗ്, അഗ്രോ ടൂറിസം എന്നീ രംഗങ്ങളിലെ സംഭാവനകള്‍ പരിഗണിച്ചാണ് റൊയാഡ് കമ്പനി ഡയറക്ടര്‍ പി.കെ അഷ്റഫ് കക്കാട്ടിന് പുരസ്‌കാരം.

അറേബ്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ് ചെയര്‍മാന്‍(ഇന്ത്യ) കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫ് അധ്യക്ഷത വഹിച്ചു. അറേബ്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ് ഡയറക്ടര്‍ യാസര്‍ അറഫാത്ത്, സാലിം ജീറോഡ്, സയിദ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.