ഡോ. എം.പി ഹസന്‍ കുഞ്ഞിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം

Posted on: December 29, 2018

ദോഹ : വ്യാവസായിക രംഗത്തും വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗത്തും മികച്ച പ്രകടനം കാഴ്ച്ചവച്ച ഡോ. എം.പി ഹസന്‍ കുഞ്ഞിക്ക് അമേരിക്കയിലെ യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണലിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം.

കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഖത്തറിലും ഇന്ത്യയിലും ഡോ. ഹസന്‍ കുഞ്ഞി നേതൃത്വം നല്‍കുന്ന സംരംഭങ്ങളും സേവന പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് സംഘടന ഗ്ലോബല്‍ പ്രസിഡന്റ് ഡോ. എസ്. സെല്‍വിന്‍ കുമാര്‍ പറഞ്ഞു.

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡന്റ്, ആന്റി സ്മേക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്. കൂടാതെ ഖത്തറിനകത്തും പുറത്തും നിരവധി വ്യവസായിക സംരംഭങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കുന്നത് മാതൃകപരമാണെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.

ദോഹ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ അവാര്‍ഡ് സമ്മാനിച്ചു. ഡോ. എസ്. സെല്‍വിന്‍ കുമാര്‍ അവാര്‍ഡ് ജേതാവിന് ലിങ്കണ്‍ എക്സലന്‍സ് ബാഡ്ജ് സമ്മാനിച്ചു. കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് എം.എസ് ബുഖാരി, ഐ.ബി.പി.സി ജനറല്‍ സെക്രട്ടറി സുമിത് മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചു.

കണ്ണൂര്‍ പഴയങ്ങാടി അബ്ദുറഹ്മാന്‍ ഫാത്തിമ ഭമ്പതികളുടെ പതിനൊന്ന് മക്കളില്‍ ഏഴാമനാണ് ഡോ. എം.പി ഹസന്‍ കുഞ്ഞി. ഭാര്യ: പി.വി സുഹ്റാബി. മക്കള്‍: സാഹിറ, ഹസീബ, അമീറ, ഹാഫിസ് .