ഇന്ത്യ – ഖത്തർ ബന്ധം ദൃഡമാക്കാൻ സംയുക്ത ബിസിനസ് കൗൺസിൽ

Posted on: December 9, 2016

m-a-yusuf-ali-with-qatar-pm

ന്യൂഡൽഹി : ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് രൂപീകരിച്ച സംയുക്ത ബിസിനസ് കൗൺസിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഡമാക്കുമെന്ന് വിലയിരുത്തൽ. ഇന്ത്യൻ ഖത്തറി വ്യവസായ സമൂഹത്തിന് ഡൽഹിയിലെ ഖത്തർ സ്ഥാപനപതി കാര്യാലയം നൽകിയ വിരുന്നുസത്കാരത്തിനിടെയാണ് സംയുക്ത ബിസിനസ് കൗൺസിൽ രൂപീകരിച്ചതായി ഖത്തർ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ഖത്തറിലെ വികസനപദ്ധതികളിലും വ്യാപാരമേഖലയിലും സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുമെന്നും ഇതിനായി കൂടുതൽ വിദേശമൂലധനം ആകർഷിക്കുമെന്നും ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല പറഞ്ഞു. ഖത്തർ-ഇന്ത്യ വ്യാപാരബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.

വിദേശകാര്യ ജോയിന്റ് സെക്രട്ടറി മൃദുൽകുമാർ, ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി, ഖത്തർ എയർവേസ് സിഇഒ അക്ബർ അൽബേക്കർ, ദോഹ ബാങ്ക് സിഇഒ ഡോ. ആർ. സീതാരാമൻ, മുഹമ്മദ് ബിൻ അബ്ദുല്ല അൽ റുമൈഹി, സിഐഐ ഡയറക്ടർ ജനറൽ ചന്ദ്രജിത് ബാനർജി, ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി പി. കുമരൻ, ഇന്ത്യയിലെ ഖത്തർ സ്ഥാനപതി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

കേന്ദ്രസർക്കാർ വാണിജ്യമേഖലയിൽ സ്വീകരിക്കുന്ന ഉദാരനയങ്ങൾ മൂലം ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഉൾപ്പടെ കൂടുതൽ നിക്ഷേപം ഇന്ത്യയിലെത്തുമെന്ന് ചടങ്ങിൽ സംസാരിച്ച എം എ യൂസഫലി പറഞ്ഞു. ഇന്ത്യൻ വ്യവസായ സമൂഹത്തിന് ഖത്തറിൽ നിക്ഷേപം നടത്താൻ വളരെ അനുകൂലമായ അന്തരീക്ഷമാണ് അവിടെ നിലനിൽക്കുന്നത്. ഖത്തർ ഭരണകൂടം മികച്ച പിന്തുണയാണ് വ്യവസായ-വാണിജ്യ സമൂഹത്തിന് നൽകുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി.

കണ്ണൂർ വിമാനത്താവളം പ്രവർത്തനസജ്ജമാകുന്നതോടെ ദോഹയിൽ നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ഖത്തർ എയർവേസിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും യൂസഫലി പറഞ്ഞു. അതോടൊപ്പം കരിപ്പൂരിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു.