ലുലു മാളില്‍ ഫ്‌ളവര്‍ ഫെസ്റ്റിന് തുടക്കം

Posted on: February 16, 2019

കൊച്ചി : പരിസ്ഥിതി ബോധവല്‍ക്കരണ സന്ദേശവുമായി നാല് ദിവസം നീളുന്ന ലുലു ഫ്‌ളവര്‍ ഫെസ്റ്റിന് ലുലു മാളില്‍ തുടക്കമായി. സിനിമാ താരങ്ങളായ വിജയ് ബാബു, രജിഷ വിജയന്‍, അര്‍ജുന്‍ അശോകന്‍, സര്‍ജാനോ ഖാലിദ്, അശ്വതി മേനോന്‍ എന്നിവര്‍ ചേര്‍ന്ന് പുഷ്പ-ഫല സസ്യ പ്രദര്‍ശന വില്‍പന മേളക്ക് തുടക്കം കുറിച്ചു.

പശ്ചിമ ഘട്ടത്തിലെ അപൂര്‍വ സസ്യങ്ങളും പുഷ്പങ്ങളും പരിചയപ്പെടുത്തുന്ന ഫോട്ടോ പ്രദര്‍ശനം കോട്ടയം നസീര്‍ ഉദ്ഘാടനം ചെയ്തു. ഫോട്ടോമ്യൂസ് റൂറല്‍ ആര്‍ട് ഗ്യാലറിയുമായി സഹകരിച്ചാണ് ഫോട്ടോ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ലുലു മാളിന്റെ മൂന്നു നിലകളിലായി രണ്ടു ലക്ഷത്തോളം പുഷ്പ-ഫല സസ്യങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പനക്കുമായി സജ്ജമാക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ഫ്ളവേഴ്സ് ഫോര്‍ ദ ഫ്യൂച്ചര്‍ ഹാഷ് ടാഗ് ക്യാമ്പെയ്നിന്റെ ഭാഗമായി ഇരുപതോളം സ്‌കൂളുകള്‍ ഫ്ളവര്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്.

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കള്‍ വിദ്യാര്‍ഥികളുടെ ഭാവനക്കനുസരിച്ച് രൂപമാറ്റം വരുത്തി തയ്യാറാക്കിയ കൗതുകകരമായ പൂച്ചട്ടികള്‍ മേളയിലെ മുഖ്യ ആകര്‍ഷണമാണ്. ചെടികള്‍ക്കാവശ്യമായ വെള്ളം സംഭരിച്ച് സ്വയം ഉപയോഗിക്കുന്ന സംവിധാനത്തോടു കൂടിയ പ്ലാസ്റ്റിക് ബോട്ടില്‍ ചെടിച്ചട്ടികള്‍ ഇക്കൂട്ടത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. മികവ് പുലര്‍ത്തുന്ന സ്‌കൂളുകള്‍ക്ക് സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം സ്ഥാനം ലഭിക്കുന്ന സ്‌കൂളിന് 25,000 രൂപയുടെ ക്യാഷ് അവാര്‍ഡാണ് സമ്മാനം.

ഫ്‌ളവര്‍ ഫെസ്റ്റിന്റെ ഭാഗമായി 16ന് നടക്കുന്ന ലുലു ലിറ്റില്‍ പ്രിന്‍സ്, ലിറ്റില്‍ പ്രിന്‍സസ് മത്സരത്തിലെ വിജയികള്‍ക്ക് 5000 രൂപ വീതമാണ് സമ്മാനം. മൂന്നു വയസിനും ആറു വയസിനുമിടയിലുള്ള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരാര്‍ഥികള്‍ പുഷ്പാലംകൃതരായാണ് റാമ്പില്‍ ചുവടു വെക്കുക.


ഫ്ളവര്‍ഷോയുടെ ഭാഗമായി സംഘടിപ്പിച്ച ഫ്ളവേഴ്സ് ഫോര്‍ ദ ഫ്യൂച്ചര്‍ ക്യാമ്പെയ്നില്‍ സിനിമാ താരങ്ങളായ മമ്മൂട്ടി, ജയറാം, നിവിന്‍ പോളി, ബാല, ടോവിനോ തോമസ്, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, കളമശേരി നഗരസഭാ ചെയര്‍പേഴ്സന്‍ റുക്കിയ ജമാല്‍, ആര്‍ടിസ്റ്റ് ബോസ് കൃഷ്ണമാചാരി, കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍, കെ എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ്, കൊച്ചി നാവികസേനാ കമാന്‍ഡര്‍ ജി പ്രകാശ് തുടങ്ങിയവര്‍ ഭാഗമായി.