ഹർഷിത ലഖോട്ടിയ ലുലു സ്പാർക്കീസ് ലിറ്റിൽ ഷെഫ് 2019

Posted on: February 3, 2019
ലുലു സ്പാർക്കീസ് ലിറ്റിൽ ഷെഫ് 2019 വിജയികളായ ഹർഷിത ലഖോട്ടിയ, ആയിഷ, എം എൻ നാഥ എന്നിവർ വിധികർത്താക്കളായ ഡോ. ലക്ഷ്മി നായർ, ബിഗ് ഷെഫ് നൗഷാദ്, ഷെഫ് ഹെർമൻ ഗ്രോസ്ബിച്‌ലർ എന്നിവർക്കൊപ്പം.

കൊച്ചി : ലുലു സ്പാർക്കീസ് ലിറ്റിൽ ഷെഫ് 2019 കിരീടം രാജസ്ഥാനിൽ നിന്നുള്ള ഹർഷിത ലഖോട്ടിയക്ക്. മികച്ച ലിറ്റിൽ ഷെഫുമാരെ കണ്ടെത്തുന്നതിനുള്ള കേരളത്തിലെ ഏറ്റവും വലിയ ടാലന്റ് ഹണ്ടായ ലലു സ്പാർക്കീസ് ലിറ്റിൽ ഷെഫിലെ വിജയിക്ക് അരലക്ഷം രൂപയുടെ കാഷ് അവാർഡും ട്രോഫിയും, ഫസ്റ്റ് റണ്ണറപ്പായ കൊച്ചിയിലെ ആയിഷക്ക് 25,000 രൂപയും ട്രോഫിയും, സെക്കൻഡ് റണ്ണറപ്പായ തിരൂരിൽ നിന്നുള്ള എം എൻ നാഥയ്ക്ക് 10,000 രൂപയും ട്രോഫിയും സമ്മാനമായി ലഭിച്ചു.

ലുലു മാളിൽ നടന്ന ചടങ്ങിൽ കേരള ലോ അക്കാദമി പ്രിൻസിപ്പലും പാചക വിദഗ്ധയുമായ ഡോ. ലക്ഷ്മി നായർ, പ്രമുഖ ഷെഫും സംരംഭകനുമായ നൗഷാദ്, ഗ്രാൻഡ് ഹയാത്തിലെ എക്‌സിക്യൂട്ടീവ് ഷെഫ് ഹെർമൻ ഗ്രോസ്ബിച്‌ലർ എന്നിവരാണ് വിജയികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. ബൈജൂസ് ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ മനു നായർ, നിറപറ സെയിൽസ് മാനേജർ ബേസിൽ എബ്രഹാം, എ വി ടി ഡയറിയുടെ പ്രേം എന്നിവരും വിജയികൾക്ക് സമ്മാനങ്ങൾ നൽകി. മുൻ വർഷത്തെ വിജയികളായ നന്ദ ജെ ദേവനും വൈഗയും മൗലയും അതിഥികളായെത്തി.

പാചക മികവ് പ്രദർശിപ്പിക്കുന്ന 60 സെക്കൻഡ് വീഡിയോ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തുകൊണ്ട് എട്ടിനും 12നുമിടയിൽ പ്രായമുള്ള 250 കുട്ടികളാണ് ലുലു സ്പാർക്കീസ് ലിറ്റിൽ ഷെഫ് 2019 മത്സരത്തിൽ പങ്കെടുത്തത്. ഇവരിൽ നിന്നും ലൈവ് ഓഡിഷനിലൂടെ തെരഞ്ഞെടുത്ത അഞ്ച് ഫൈനലിസ്റ്റുകൾ മാരിയറ്റ് കൊച്ചിയിലെ എക്‌സിക്യട്ടീവ് ഷെഫ് രവീന്ദർ സിംഗിന്റെ ഗ്രൂമിംഗ് സെഷനിലൂടെ കടന്നു പോയി. അവസാന റൗണ്ടിൽ മൂന്നു മണിക്കൂറിനുള്ളിൽ നാല് കോഴ്‌സ് ലഞ്ച് ഒരുക്കുകയെന്ന ചാലഞ്ചാണ് ഫൈനലിസ്റ്റുകൾക്ക് നൽകിയത്. ഡോ. ലക്ഷ്മി നായർ, ബിഗ് ഷെഫ് നൗഷാദ്, ഷെഫ് ഹെർമൻ ഗ്രോസ്ബിച്‌ലർ എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണ് വിജയികളെ നിർണയിച്ചത്.