ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഹോസ്പിറ്റല്‍ ക്ലൗണുകള്‍

Posted on: January 28, 2019

കൊച്ചി : രോഗികളുടെ ആരോഗ്യത്തിന് ചിരി നല്ലതാണ്. ഇതിനായി കേരളത്തിലാദ്യമായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പരിശീലനം നേടിയ കോമാളികളെത്തി. ഹോസ്പിറ്റല്‍ ക്ലൗണ്‍സ് എന്ന പേരിലുള്ള കോമാളികള്‍ രോഗികളുമായി ഇടപഴകുന്നതും ചിരിമാലകള്‍ തീര്‍ക്കുന്നതും അമേരിക്കയിലും യൂറോപ്പിലും പതിവാണ്. ലോകോത്തര ക്വാര്‍ട്ടേര്‍ണറി ചികിത്സ ലഭ്യമാക്കുന്ന ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ പീഡിയാട്രിക് വാര്‍ഡുകളിലും ഔട്ട്‌പേഷ്യന്റ് വിഭാഗത്തിലുള്ള രോഗികള്‍ക്കു മുന്നിലും കോമാളികള്‍ നര്‍മ്മവുമായെത്തി.

രോഗികള്‍ക്കും സഹായികള്‍ക്കും പിരിമുറുക്കം ഭയവും ദു:ഖവും ഒഴിവാക്കുന്നതിന് ഇതുവഴി കഴിയും. രോഗികള്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ അപരിചിതത്വം മാറ്റി വിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കോമാളികള്‍ക്ക് കഴിഞ്ഞു. ഇതുവഴി കുട്ടികളുടെ ചികിത്സാരീതികള്‍ എളുപ്പത്തിലാക്കാന്‍ സാധിക്കും. ചെന്നൈയില്‍ നിന്നുള്ള ലിറ്റില്‍ തീയേറ്റര്‍ ഇന്ത്യ എന്ന നാടകസംഘമാണ് ഹോസ്പിറ്റല്‍ ക്ലൗണ്‍സുമായി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തിയത്.

ഇന്ത്യയിലെതന്നെ ഏറ്റവും ആധുനിക ആരോഗ്യസേവനകേന്ദ്രം എന്ന നിലയില്‍ അസാധാരണമായതും തെളിയിക്കപ്പെട്ടതുമായ പുതിയ രീതികള്‍ രോഗികള്‍ക്കായി ഉപയോഗിക്കുന്നതില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി മുന്‍പന്തിയിലാണെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കമാന്‍ഡര്‍ ജെല്‍സണ്‍ കവളക്കാട്ട് പറഞ്ഞു. കേരളത്തില്‍ ആദ്യമായി ഹോസ്പിറ്റല്‍ ക്ലൗണുകളുടെ സേവനം ഉപയോഗിക്കുകയാണ്. ചികിത്സയും രോഗവിമുക്തിയും എളുപ്പത്തിലാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രസാദാത്മകമായ ഇടപെടലുകളിലൂടെ, തമാശയിലൂടെ, കഥപറച്ചിലിലൂടെ, മാജിക്കും സംഗീതവും നൃത്തവും ഉപയോഗപ്പെടുത്തുന്നതിലൂടെ, രോഗിയുടെമേല്‍ നിയന്ത്രണവും വൈകാരികമായ സ്വാസ്ഥ്യവും സാധ്യമാക്കുക എന്നതാണ് ഹോസ്പിറ്റല്‍ ക്ലൗണിംഗ് വഴി സാധിക്കുന്നതെന്ന് ലിറ്റില്‍ തീയേറ്റര്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ കൃഷ്ണകുമാര്‍ ബാലസുബ്രമണ്യന്‍ പറഞ്ഞു.

മെഡിക്കല്‍ ക്ലൗണ്‍ ഡോ. റോഹിണി റാവു, ഹോസ്പിറ്റല്‍ ക്ലൗണുകളായ ഷബീര്‍ കല്ലറയ്ക്കല്‍, വികാസ് റാവു, ഈജിപ്റ്റ് ദിനേഷ് എന്നിവരടങ്ങിയ ലിറ്റില്‍ തിയേറ്റര്‍ സംഘമാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തിയത്. ചിരിയിലൂടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന എന്‍ഡോര്‍ഫിനുകള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. വൈകാരികമായ പ്രസാദാത്മകത കൈവരാനും ഇത് സഹായിക്കും. കോമാളികളുടെ ഇടപെടലുകളിലൂടെ നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് മറക്കാന്‍ രോഗിക്കും സഹായികള്‍ക്കും സാധിക്കും.

12 പ്രഫഷണലുകള്‍ അടങ്ങിയതാണ് ലിറ്റില്‍ തീയേറ്ററിന്റെ ഹോസ്പിറ്റല്‍ ക്ലൗണ്‍ സംഘം. ഇന്ത്യയിലെ ആദ്യ ഹോസ്പിറ്റല്‍ ക്ലൗണ്‍ സംഘം ഇവരുടേതാണ്. ന്യൂയോര്‍ക്കില്‍നിന്നുള്ള മാസ്റ്റര്‍ ക്ലൗണ്‍ ട്രെയിനര്‍ ഹിലാരി ചാപ്ലിന്‍ ആണ് 2015 ഏപ്രിലില്‍ ഇവര്‍ക്ക് പരിശീലനം നല്കിയത്. 2015 ജൂണ്‍ മുതല്‍ ചെന്നൈയിലെ സര്‍ക്കാര്‍ ശിശുരോഗ ആശുപത്രിയില്‍ ഇവര്‍ പ്രവര്‍ത്തിച്ചുവരുന്നു.

TAGS: Aster Medcity |