പൂനെയിൽ വിദ്യാർഥികളുടെ പാർലമെന്റ്

Posted on: January 20, 2019

കൊച്ചി : രാഷ്ട്രീയം മുഖ്യ വിഷയമായി കോഴ്‌സ് നടത്തുന്ന രാജ്യത്തെ ഏക വിദ്യാഭ്യാസ സ്ഥാപനമായ പൂനെയിലെ എംഐടി സ്‌കൂൾ ഓഫ് ഗവമെന്റിന്റെ ആഭിമുഖ്യത്തിൽ ഒൻപതാമത് ഭാരതീയ ഛാത്ര സൻസദ് (ഇന്ത്യൻ വിദ്യാർഥി പാർലമെന്റ്) ജനുവരി 18, 19, 20 തീയതികളിൽ പൂനെയിൽ നടക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരത്തോളം കോളേജ് വിദ്യാർഥികൾ പങ്കെടുക്കുന്ന പാർലമെന്റ്, ജനാധിപത്യ സംരക്ഷണ പ്രക്രിയയിലും രാഷ്ട്ര പുനർ നിർമാണത്തിലും യുവാക്കളെ കൂടുതലായി ആകർഷിക്കാനുദേശിച്ചുകൊണ്ടുള്ളതാണെന്ന് എംഐടി സ്‌കൂൾ ഓഫ് ഗവൺമെന്റിന്റെ സ്ഥാപകനും എംഐടി വേൾഡ് പീസ് യൂണിവേഴ്‌സിറ്റിയുടെ എക്‌സിക്യൂട്ടീവ് പ്രസിഡന്റുമായ രാഹുൽ കരാട് പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉദ്ഘാടനം ചെയ്യുന്ന വിദ്യാർഥി പാർലമെന്റിൽ എൻസിപി പ്രസിഡന്റ് ശരദ് പവാർ, സിപിഎം നേതാവ് വൃന്ദാകാരാട്ട്, തൃപ്തി ദേശായി, ജിഗ്‌നേഷ് മേവാനി എംഎൽഎ, നടൻ പ്രകാശ് രാജ്, മുതിർന്ന മാധ്യമ പ്രവർത്തകനായ ആശുതോഷ്, ആസാം സ്പീക്കർ ഹിതേന്ദ്ര നാഥ് ഗോസ്വാമി, ഗുജറാത്ത് മുൻ മുഖ്യമന്ത്രി ശങ്കർ സിങ് വഖേല, തുഷാർ ഗാന്ധി, പ്രമുഖ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്‌വി, അഡ്വ. ശാന്തി ഭൂഷൺ, അഡ്വ. മജീദ് മേമൻ എംപി, തയോ കേർ ടെക്‌നോളജിസ് സ്ഥാപകൻ ഡോ. എ. വേലുമണി എന്നിവർ ക്ലാസെടുക്കും.

പൊളിറ്റിക്കൽ ലീഡർഷിപ്പ് ഗവൺമെന്റ് എന്ന പേരിൽ യുജിസി അംഗീകാരമുള്ള ദ്വിവർഷ ബിരുദാനന്തര കോഴ്‌സാണ് എംഐടി സ്‌കൂൾ ഓഫ് ഗവൺമെന്റ് നടത്തിവരുന്നത്. യുവാക്കളെ പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കളാകാൻ സഹായിക്കുന്ന ഈ കോഴ്‌സ്, റിസർച്ച് അസോഷ്യേറ്റ്, പൊളിറ്റിക്കൽ അനലിസ്റ്റ്, പോളിസി അസോഷ്യേറ്റ്, പൊളിറ്റിക്കൽ കൺസൾട്ടന്റ്, ഇലക്ഷൻ റിസർച്ച് ആൻഡ് ക്യാംപയിൻ മാനേജർ, സോഷ്യൽ മീഡിയ അനലിസ്റ്റ് തുടങ്ങിയ പദവികളിൽ നിയമിക്കപ്പെടുന്നതിനും അനുയോജ്യമാണ്.