കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സ് ജേഴ്‌സിയും ടീം സോംഗും അവതരിപ്പിച്ചു

Posted on: January 19, 2019


കൊച്ചി : പ്രീ വോളിബോള്‍ ലീഗില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സിന്റെ ടീം ജേഴ്‌സിയും ടീം സോംഗും അവതരിപ്പിച്ചു. ഫെബ്രുവരി 2 മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. കൊച്ചിയില്‍ ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ടീം ഉടമകളായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍മാരായ തോമസ് മുത്തൂറ്റ്, തോമസ് ജോണ്‍ മുത്തൂറ്റ്, ജോര്‍ജ് മുത്തൂറ്റ്, കോച്ച് റ്റി. സി ജോതിഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ജേഴ്‌സിയും സോംഗും അവതരിപ്പിച്ചത്.

കേരളത്തിന്റെ തനതായ കായിക വിനോദമായ വോളിബോള്‍ പ്രോ വോളിബോള്‍ ലീഗിലൂടെ പഴയ പ്രൗഡിയോടെ തിരിച്ചെത്തുമ്പോള്‍ നമ്മുടെ കായിക മേഖല പുത്തന്‍ ആവേശത്തിലേക്ക്
ഉയരുമെന്ന് ടീം ഉടമയായ തോമസ് മുത്തൂറ്റ് പറഞ്ഞു. അന്താരാഷ്ട്ര മേഖലയില്‍ കഴിവ് തെളിയിച്ച ബ്ലൂ സ്പൈക്കേഴ്‌സിന്റെ താരങ്ങളില്‍ വലിയ പ്രതീക്ഷയാണുള്ളതെന്നും തോമസ് മുത്തൂറ്റ് അഭിപ്രായപ്പെട്ടു.

ഡേവിഡ് ലീ, ആന്ദ്രേ പതുക് തുടങ്ങിയ വിദേശ കളിക്കാരുള്‍പ്പെടുന്ന കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സില്‍ ഇന്ത്യന്‍ ഇന്റര്‌നാഷണലുകളായ പ്രഭാകരന്‍ എസ്, മോഹന്‍ ഉക്ര പാണ്ട്യന്‍, കെ. പ്രവീണ്‍ കുമാര്‍, സുരേഷ് ചന്ദ്ര കോയ് വാള്‍, മുജീബ്, ഹരിപ്രസാദ്, മനു ജോസഫ്, രോഹിത് പി, സുജോയ് ദത്ത, അങ്കുര്‍ സിങ്, വിനായക് രോഖഡേ, എസ്. വി. ഗുരു പ്രശാന്ത് തുടങ്ങിയവര്‍ അണിനിരക്കും.

ആദ്യവാദത്തില്‍ 12 മത്സരങ്ങള്‍ കൊച്ചിയിലും, സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ചെന്നൈയിലുമാണ് നടക്കുന്നത്. 6 ടീമുകളാണ് പ്രോ വോളിബോള്‍ ലീഗില്‍ പരസ്പരം ഏറ്റുമുട്ടുന്നത്.