എസ് ബി ഐ യോനൊ 20 അണ്ടര്‍ ട്വന്റി

Posted on: January 14, 2019

കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 10 വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച 20 വയസ്സിന് താഴെയുള്ളവരെ ആദരിക്കാനായി യോനൊ 20 അണ്ടര്‍ ട്വന്റി അവതരിപ്പിച്ചു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ യോനൊയുടെ ഉപയോഗത്തില്‍ ഇന്ത്യയുടെ യുവജനങ്ങളുടെ ഇടയില്‍ ഗണ്യമായ വര്‍ദ്ധനവ് കൈവരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സുസ്ഥിരത, പ്രകടനം, കല, അഭിനയം, സംരംഭകത്വം അല്ലെങ്കില്‍ ഇന്നോവേഷന്‍, സ്‌പോര്‍ട്‌സ്, ഗ്ലോബല്‍ ഇന്ത്യന്‍, വൈകല്യമുള്ള ചാമ്പ്യന്‍ തുടങ്ങിയ 10 വിഭാഗങ്ങളിലായി 20 യുവ വിജയികളെ അനുമോദിക്കാനായി എസ്ബിഐ പദ്ധതിയിടുന്നു.

വിവിധ രംഗങ്ങളില്‍ മികവ് പ്രകടിപ്പിട്ട യുവാക്കളെ ലക്ഷ്യമിട്ട് 2018 ഒക്ടോബറിലാണ് യോനൊ 20 അണ്ടര്‍ ട്വന്റി പദ്ധതിക്ക് എസ്ബിഐ തുടക്കമിട്ടത്. 200 പേരുളള പട്ടികയില്‍ നിന്ന് 30 ആണ്‍കുട്ടികളെയും, 30 പെണ്‍കുട്ടികളെയും അടങ്ങുന്ന 60 നോമിനികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. വിവിധ മേഖലകളില്‍ നിന്നുള്ള 8 പ്രഗത്ഭര്‍ ചേര്‍ന്നതാണ് ജൂറി പാനല്‍.

ഓരോ വിഭാഗത്തിലും 3 പെണ്‍കുട്ടികളെയും 3 ആണ്‍കുട്ടികളെയും വീതം ജൂറി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓരോ വിഭാഗത്തില്‍ നിന്നും ഒരാളെ വിജയിയായി തിരഞ്ഞെടുക്കും. ജനുവരി 14 മുതല്‍ 27 വരെ നടക്കുന്ന ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് വിജയിയെ തിരഞ്ഞെടുക്കുക. www.yonosbi20under20.com എന്ന വെബ്‌സൈറ്റ് വഴിയാണ് വോട്ടിംഗ്. ഫെബ്രുവരി 4ന് ബംഗളുരുവില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വിജയികള്‍ക്കുള്ള പുരസ്‌കാര ദാനം നടക്കും.

ഇത്തരത്തില്‍ പ്രഗത്ഭരായ ചെറുപ്പക്കാരെ ആദരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് എസ്ബിഐ കോര്‍പ്പറേറ്റ് ക്ലയന്റ് ഗ്രൂപ്പ് & ഐടി എംഡി അരിജിത് ബസു പറഞ്ഞു. രാജ്യത്തെ യുവതലമുറക്ക് പ്രോല്‍സാഹനം നല്‍കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.