ആക്‌സിസ് ബാങ്ക് സംരംഭകര്‍ക്കായുള്ള ഇവോള്‍വ് അവതരിപ്പിച്ചു

Posted on: December 19, 2018

കൊച്ചി : ചെറുകിട-സൂക്ഷ്മ സംരംഭകര്‍ക്കുവേണ്ടി (എസ്എംഇ) നടത്തുന്ന വാര്‍ഷിക വിവര പരമ്പര പരിപാടിയുടെ അഞ്ചാം പതിപ്പായ ഇവോള്‍വ് ആക്‌സിസ് ബാങ്കിന്റെ ആതിഥേയത്വത്തില്‍ നടന്നു. ഉത്പാദനം, വിതരണം, മാര്‍ക്കറ്റിസാങ്കേതികം തുടങ്ങിയ മേഖലകളില്‍ നൂതനമായ പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള കമ്പനികളുടെ നേതൃത്വവുമായി വിനിമയമാണ് ഇവോള്‍വിലൂടെ നടത്തുന്നത്. ബിസിനസില്‍ എസ്എംഇകള്‍ക്ക് എങ്ങനെ നൂതന മാറ്റങ്ങള്‍ വിജയകരമായി കൊണ്ടു വരാനാകുമെന്നതായിരുന്നു ഈ പതിപ്പിന്റെ വിഷയം.

വ്യവസായങ്ങളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ബിസിനസില്‍ മാറ്റം വരുത്തേണ്ടതിന്റെ സാധ്യതകളുടെ പ്രാവര്‍ത്തിക താല്‍പര്യങ്ങളെ കുറിച്ച് ഐടിസി ഇന്‍ഫോടെക് വൈസ് പ്രസിഡന്റും ഇന്നവേഷന്‍ ഗ്ലോബല്‍ മേധാവിയുമായ മഹേഷ് പ്രഭുവും പോപ്പുലാര്‍ വെഹിക്കിള്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ കെ. പോളും സെമിനാറില്‍ ചര്‍ച്ച ചെയ്തു.

ഈ വര്‍ഷം ഇവോള്‍വ് കൊച്ചിയിലുള്‍പ്പടെ 30 നഗരങ്ങളിലായി സംഘടിപ്പിക്കുകയാണ്. പുതിയ തന്ത്രങ്ങള്‍, കേസ് പഠനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, ചട്ടങ്ങള്‍, വൈദഗ്ധ്യം തുടങ്ങിയവയെല്ലാം പരമ്പരയുടെ ഭാഗമാകുന്നുണ്ട്. വിജയകരമായി പ്രവര്‍ത്തിക്കുന്ന എസ്എംഇകളിലെ വിദഗ്ധരുമായി ബാങ്ക് ആശയ വിനിമയം നടത്തി അവരുടെ തന്ത്രങ്ങളും മന്ത്രങ്ങളും പരിചയപ്പെട്ടു.
രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ ഡ്രൈവര്‍മാരാണ് എസ്എംഇകളെന്നും ഇവയുടെ പുരോഗതിക്കായാണ് നിരന്തരം പ്രവര്‍ത്തിക്കുന്നതെന്നും ഇത്തരം ശ്രമങ്ങള്‍ക്ക് ബാങ്ക് എന്നും പിന്തുണ നല്‍കുമെന്നും ആക്‌സിസ് ബാങ്ക് പ്രസിഡന്റും മേധാവിയുമായ ജെ.പി. സിംഗ് പറഞ്ഞു.

TAGS: Axis Bank | Evolve |