എസ് ബി ഐ ഗ്രീന്‍ മാരത്തണ്‍ രണ്ടാം പതിപ്പ് ഫ്‌ളാഗ് ഓഫ് ചെയ്തു

Posted on: December 10, 2018

തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക പരിപാടിയായ എസ് ബി ഐ ഗ്രീന്‍ മാരത്തണ്‍ – ന്റെ രണ്ടാം പതിപ്പ് എസ്ബിഐ തിരുവനന്തപുരം സര്‍ക്കിള്‍ സിജിഎം എസ്. വെങ്കിട്ടരാമന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 2000ത്തോളം പേര്‍ പങ്കെടുത്തു. ഒളിമ്പ്യനും ധ്യാന്‍ ചന്ദ് അവാര്‍ഡ് ജേതാവുമായ ബോബി അലോഷ്യസ്, അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റനുമായ സിറില്‍ സി. വള്ളൂര്‍ തുടങ്ങയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഹരിത ഭാവി പ്രതിജ്ഞയെടുത്ത് 5, 10, 21 കിലോമീറ്ററുകള്‍ വരുന്ന മാരത്തണ്‍ മല്‍സരങ്ങളില്‍ പങ്കെടുക്കാനായി ഞായറാഴ്ച രാവിലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം പേരാണ് ഷണ്‍മുഖം ബീച്ചില്‍ എത്തിയത്.

ബാങ്കിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മാരത്തണില്‍ പങ്കെടുത്തു. ഹരിതാഭവും പരിശുദ്ധവുമായ നഗരം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാരത്തണില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഓര്‍ഗാനിക്ക് ടീ-ഷര്‍ട്ടുകള്‍ നല്‍കി. അടുത്ത നാലു മാസങ്ങളിലായി എസ് ബി ഐ ഗുവാഹട്ടി, ഭോപാല്‍, ചെന്നൈ, ഭുവനേശ്വര്‍, ചണ്ഡീഗഢ്, അഹമ്മദാബാദ്, പാട്‌ന, ജയ്പൂര്‍ എന്നിവിടങ്ങളിലും ഗ്രീന്‍ മാരത്തണ്‍ നടത്തുന്നുണ്ട്. ന്യൂഡല്‍ഹി, ലക്‌നൗ, ഹൈദരാബാദ്, മുംബൈ, ബംഗലുരു എന്നിവിടങ്ങളിലായി അഞ്ചു മാരത്തണുകള്‍ സംഘടിപ്പിച്ചിരുന്നു.

എസ് ബി ഐ ജനറല്‍ ഇന്‍ഷുറന്‍സാണ് എസ് ബി ഐ ഗ്രീന്‍ മാരത്തണിന്റെ ആരോഗ്യ സഹകാരികള്‍. എസ്ബിഐ ലൈഫ്, എസ് ബി ഐ മ്യൂച്ച്വല്‍ ഫണ്ട്, എസ്ബിഐ കാര്‍ഡ് എന്നിവരും പരിപാടിയില്‍ പങ്കാളികളാണ്.