നിക്കോൺ ഡി810 കാമറ വിപണിയിൽ

Posted on: July 1, 2014

D810-Nikonb

നിക്കോൺ കോർപ്പറേഷന്റെ ഏറ്റവും നൂതനമായ ഡിജിറ്റൽ എസ്എൽആർ കാമറ ഡി810 പുറത്തിറങ്ങി. ഫുൾ ഫ്രെയിം ഫോർമാറ്റിലുള്ള ഈ മോഡൽ ഉയർന്ന നിലവാരമുള്ള ഹൈ ഡെഫനിഷൻ ചിത്രങ്ങളും വീഡിയോയും എടുക്കാൻ ഫോട്ടോഗ്രാഫർമാരെ സഹായിക്കുന്നു. 36.3 മെഗാപിക്‌സൽ സെൻസറും മികച്ച ഐഎസ്ഒ റേഞ്ചുമുള്ള ഈ മോഡലിൽ മിഴിവാർന്ന ചിത്രങ്ങളെടുക്കുന്നതിന് പുറമേ ഫുൾ എച്ച്ഡി 1080 പിക്‌സൽ വീഡിയോ, സെക്കന്റിൽ 60 ഫ്രെയ്മുകൾ എന്ന നിരക്കിൽ ചിത്രീകരിക്കാം.

ഉയർന്ന നിലവാരമുള്ള നിക്കോർ ലെൻസുപയോഗിക്കുന്ന ഡി810-ൽ എച്ച്ഡിഎംഐ ഔട്ട്പുട്ടുപയോഗിച്ച് കാമറയ്ക്ക് പുറത്തുള്ള റിക്കോർഡറിലേക്ക് വീഡിയോ നേരിട്ട് റിക്കോർഡ് ചെയ്യാനും സാധിക്കുന്നു. സ്റ്റേജോ സ്റ്റുഡിയോയോ പുറത്തെ ലൊക്കേഷനുകളോ എവിടെയായാലും ആ സാഹചര്യങ്ങൾക്കനുയോജ്യമായ വിധത്തിൽ സ്വയം ക്രമീകരിച്ച് ഏറ്റവും മിഴിവാർന്ന ദൃശ്യങ്ങൾ നൽകുന്ന കാമറയാണ് നിക്കോൺ ഡി810.

ബാഹ്യശബ്ദങ്ങൾ പരമാവധി കുറച്ച്, മികച്ച ശബ്ദഗുണത്തോടെ സംഭാഷണങ്ങൾ പകർത്താൻ സഹായിക്കുന്ന തരത്തിൽ സജ്ജീകരിച്ച സ്റ്റീരിയോ മൈക്രോഫോൺ ഡി810-ന്റെ മറ്റൊരു പ്രത്യേകതയാണ്. ജൂലൈ അവസാനത്തോടെ ഇന്ത്യ മുഴുവനും പുതിയ നിക്കോൺ ഡി810 ലഭ്യമാകുമെന്ന് നിക്കോൺ അറിയിച്ചു.