നിക്ഷേപത്തിന് ഹൃസ്വകാല ഇൻകം ഫണ്ടുകൾ

Posted on: November 16, 2014

Savings-Big

ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്താൽ ഹൃസ്വകാല ഇൻകം ഫണ്ടുകൾ നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്. ഓഹരി വിപണി എക്കാലത്തേയും വലിയ ഉയരങ്ങളിലേക്കു കുതിക്കുമ്പോൾ കടപ്പത്ര വിപണിയിൽ ചെറുകിട നിക്ഷേപകർക്ക് താത്പര്യം വളരെ കുറയുന്നതായാണു കാണുന്നത്. ഇതേ സമയം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ചിന്തിക്കുന്നത് ഇതിനു വിപരീത ദിശയിലാണ്. അവയുടെ നിക്ഷേപത്തിലെ വലിയൊരു പങ്ക് ഇപ്പോഴും കടപ്പത്ര വിപണിയിലേക്കെത്തുന്നുണ്ട്.

ഉപഭോക്തൃ വില സൂചികയുടേയും പണപ്പെരുപ്പ കണക്കുകളുടേയും അടിസ്ഥാനത്തിൽ സമീപ കാലത്തേക്ക് പലിശ നിരക്കിന്റെ കാര്യത്തിൽ അനുകൂലമായ നിലയായതിനാൽ പത്തു വർഷ സർക്കാർ സെക്യൂരിറ്റി 8.3 ശതമാനത്തിലേക്കു നീങ്ങുന്നതിനു വിഘാതമായി ഒന്നും തന്നെ കാണാനാവുന്നില്ലെന്നാണ് യു ടി ഐ മ്യൂച്വൽഫണ്ട് (ഫിക്‌സഡ് ഇൻകം) ഫണ്ട് മാനേജർ സുധീർ അഗർവാൾ ചൂണ്ടിക്കാട്ടി.

ഇതേ സമയം മധ്യ കാലത്തേക്കുള്ളവയുടെ കാര്യത്തിൽ അല്പം ജാഗ്രത വേണമെന്നും സുധീർ അഗർവാൾ ചൂണ്ടിക്കാട്ടുന്നു. നവംബറിനു ശേഷമുള്ള ഉപഭോക്തൃ വില സൂചികയിൽ 200-300 പോയിന്റ് ഉയർച്ചയും ഫെബ്രുവരിയോടെ 7-8 ശതമാനത്തിലേക്കുള്ള നീക്കവും കാണാനാവും. അതിനാൽ തന്നെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിൽ മാസാമാസമുണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി വീക്ഷിച്ചു കൊണ്ടിരിക്കണം.

മാസാമാസമുള്ള ശരാശരി മാറ്റം അര ശതമാനത്തിൽ നിർത്തി ഇടക്കാലത്തേക്ക് ആറു ശതമാനം പണപ്പെരുപ്പമെന്ന ലക്ഷ്യം കൈവരിക്കാൻ റിസർവ് ബാങ്കിനാവുമെന്നും പ്രതീക്ഷിക്കാം. റിപ്പോ നിരക്കുകൾ എട്ടു ശതമാനത്തിനു താഴെ നിൽക്കുന്നതാണ് സർക്കാർ സെക്യൂരിറ്റികൾ 8.3 നിലയ്ക്കു താഴെ നിൽക്കാൻ സഹായകമാകുക. നിരക്കു കുറയ്ക്കൽ ഉണ്ടായില്ലെങ്കിൽ സർക്കാർ കടപ്പത്രങ്ങൾ ഇതിനു താഴെ തുടരാൻ സാധ്യത കുറവാണ്. അതു കൊണ്ടു തന്നെ മധ്യ കാലത്തേക്ക് 8.30-8.50 നിലവാരത്തിൽ തുടരാനാണ് സാധ്യതയെന്നും സുധീർ അഗർവാൾ ചൂണ്ടിക്കാട്ടുന്നു.

സമീപം ഭാവിയിൽ ഒരു നിരക്കു കുറക്കയ്ൽ പ്രതീക്ഷിക്കുന്നില്ലെന്നാണ് സുധീർ അഗർവാൾ അഭിപ്രായപ്പെടുന്നത്. ആറു ശതമാനത്തിനു താഴെയുള്ള സ്ഥിരതയുള്ള പണപ്പെരുപ്പ നിരക്കാണ് റിസർവ് ബാങ്ക് ഗവർണർ കാത്തിരിക്കുന്നത്. അതു കൊണ്ടു തന്നെ ഇവിടെ ആശങ്കയ്ക്ക് അടിസ്ഥാനവുമില്ല. സമ്പദ്ഘടന തിരിച്ചു വരവു പ്രതീക്ഷിക്കുകയും ഉപഭോക്തൃ, വ്യവസായ ചിന്താഗതികളിൽ ശുഭപ്രതീക്ഷ കൈവരുകയും ചെയ്യുമ്പോൾ വില്പനയിൽ കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം.

ഇത്തരം പശ്ചാത്തലത്തിൽ രണ്ടു മുതൽ മൂന്നു വർഷം വരെയുള്ള കാലത്തേക്കു കണക്കു കൂട്ടുന്ന ചെറുകിട നിക്ഷേപകർക്ക് കടപ്പത്ര നിക്ഷേപങ്ങൾ ഇപ്പോഴും ആകർഷകമാണ്. അതേ സമയം അടുത്ത ആറു മുതൽ ഒൻപതു വരെയുള്ള മാസങ്ങളിൽ ഉപഭോക്തൃ വില സൂചികയിൽ ഉണ്ടായേക്കാവുന്ന ആശങ്കകൾ സമീപ ഭാവിയിൽ ചില ചാഞ്ചാട്ടങ്ങളുണ്ടാക്കിയേക്കാം. ഹൃസ്വകാല ഇൻകം ഫണ്ടുകളിലും ഇൻകം ഓപർച്യൂണിറ്റി ഫണ്ടുകളിലും നിക്ഷേപിക്കുന്നതു പരിഗണിക്കുന്നതാവും ഇത്തരം സാഹചര്യത്തിൽ നിക്ഷേപകർക്ക് അനുയോജ്യം. രണ്ടു മുതൽ മൂന്നു വരെ വർഷത്തേക്കുള്ള ദീർഘകാല ഇൻകം ഫണ്ടുകളും മികച്ച അവസരം തന്നെയാണു നൽകുന്നത്.

തങ്ങളുടെ റിസ്‌ക്ക് നേരിടാനുള്ള കഴിവു കൂടി വ്യക്തിപരമായി പരിഗണിച്ച ശേഷം വേണം ഇത്തരം നിക്ഷേപങ്ങൾ നടത്താനെന്നതും ഇവിടെ പരിഗണിക്കേണ്ടതുണ്ട്. 40 മുതൽ 60 ശതമാനം വരെ വിവിധ കടപ്പത്ര അധിഷ്ഠിത നിക്ഷേപങ്ങൾക്കായി മാറ്റി വെക്കാം. ദീർഘകാല ഇൻകം ഫണ്ട്, ഹൃസ്വകാല ഇൻകം ഫണ്ട്, ലിക്വിഡ് ഫണ്ട് എന്നിവയെല്ലാം ഇതിനായി പരിഗണിക്കാം.

രണ്ടു മുതൽ മൂന്നു വരെ വർഷ കാലത്തേക്കുള്ളവ ഇവിടെ ദീർഘകാല ഫണ്ടുകളിലും ഒന്നു മുതൽ രണ്ടു വരെ വർഷത്തേക്കുള്ളവയെ ഹൃസ്വകാല ഫണ്ടുകളിലും നിക്ഷേപിക്കാൻ പരിഗണിക്കുമ്പോൾ അതിലും ചെറിയ കാലാവധിയിലേക്കുള്ളവയെ ലിക്വിഡ്, അൾട്രാ ഷോർട്ട് ടേം ഫണ്ടുകൾക്കായി പരിഗണിക്കാമെന്ന് സുധീർ അഗർവാൾ അഭിപ്രായപ്പെട്ടു.