മുത്തൂറ്റ് ഫിനാന്‍സ് കടപത്രങ്ങളിലൂടെ 750 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു

Posted on: February 14, 2019

കൊച്ചി : മുത്തൂറ്റ് ഫിനാന്‍സ് ഓഹരിയാക്കി മാറ്റാനാകാത്ത കടപത്രങ്ങളുടെ 19-ാമത് ഇഷ്യൂ പ്രഖ്യാപിച്ചു. ഇഷ്യൂവിന്റെ അടിസ്ഥാന തുക 100 കോടിയാണെങ്കിലും ഓവര്‍ സബ്‌സ്‌ക്രിപ്ഷന്‍ ആയി ലഭിക്കുന്ന 650 കോടി രൂപ വരെയുള്ള നിക്ഷേപം നില നിര്‍ത്താനുള്ള ഓപ്ഷനുണ്ടാകും. ഫെബ്രുവരി 14ന് ആരംഭിക്കുന്ന ഇഷ്യൂ മാര്‍ച്ച് 14ന് അവസാനിക്കും. ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാന പ്രകാരം കടപത്രം പുറത്തിറക്കുന്നത് ദീര്‍ഘിപ്പിക്കാനോ നേരത്തെയാക്കാനോ സാധിക്കും.

കടപത്രങ്ങളുടെ നിക്ഷേപ മാര്‍ഗങ്ങള്‍ പ്രതിമാസാടിസ്ഥാനത്തിലും വാര്‍ഷികാടിസ്ഥാനത്തിലും പലിശ ലഭിക്കുന്ന രീതിയിലാണ് ഇതിലെ 9 നിക്ഷേപമാര്‍ഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ നേട്ടം ലഭിക്കുന്ന രീതിയിലും നിക്ഷേപം നടത്താം. 9.25 ശതമാനം മുതല്‍ 10 ശതമാനം വരെയായിരിക്കും നിക്ഷേപത്തില്‍ നിന്നുള്ള പലിശ.

എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എ.കെ ക്യാപിറ്റല്‍ സര്‍വീസസ് എന്നിവയാണ് ലീഡ് മാനേജര്‍മാര്‍. ഐഡിബിഐ ട്രസ്റ്റീഷിപ്പ് സര്‍വീസസ് ആണ് കടപത്ര ട്രസ്റ്റി. ലിങ്ക് ഇന്‍ടൈം ആണ് ഇഷ്യൂവിന്റെ രജിസ്ട്രാര്‍. ചെറുകിട, വന്‍കിട നിക്ഷേപകര്‍ക്കെല്ലാം നിക്ഷേപം നടത്താന്‍ അനുയോജ്യമാണ് ഈ കടപത്രങ്ങളെന്ന് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.