സ്വര്‍ണ ബോണ്ട് 18 വരെ വാങ്ങാം

Posted on: January 15, 2019

കൊച്ചി : കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപപദ്ധതിയായ സ്വര്‍ണബോണ്ടിന് നിക്ഷേപകര്‍ക്ക് 18 വരെ അപേക്ഷിക്കാം. 22നാണ് അടുത്തതായി സ്വര്‍ണ ബോണ്ട് വിതരണം ചെയ്യുന്നത്.

സ്വര്‍ണമായി വാങ്ങാതെ തുല്യമായ തുകയ്ക്കുള്ള സ്വര്‍ണ നിക്ഷേപ സര്‍ട്ടിഫിക്കറ്റ് അഥവാ സ്വര്‍ണ ബോണ്ട് നല്‍കുന്നതാണ് സര്‍ക്കാരിന്റെ സ്വര്‍ണനിക്ഷേപ പദ്ധതി.

സ്വര്‍ണത്തിന്റെ വിപണി വിലയ്‌ക്കൊപ്പം നികുതിയില്ലാതെ 2.50 ശതമാനം പലിശ കൂടി നിക്ഷേപകനു ലഭിക്കും എന്നതാണ് പ്രത്യേകത. ബോണ്ട് കാലാവധി പൂര്‍ത്തിയാകുന്ന സമയത്തെ സ്വര്‍ണ നിരക്കിനെ അടിസ്ഥാനമാക്കി ഇതിനെ പണമാക്കി മാറ്റാം. ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, തപാല്‍ ഓഫീസ്, സ്റ്റോക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ശാഖകള്‍, നാഷണല്‍, ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് എന്നിവയിലൂടെ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാം.

ഓരാള്‍ക്ക് ഒരു ഗ്രാമും പരമാവധി 4 കിലോഗ്രാം വരെ വാങ്ങാം. ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്റെ മൂന്ന് ദിവസത്തെ സ്വര്‍ണവിലയുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് ഒരു യൂണിറ്റ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നതെന്ന് ജിയോജിത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ് മേനോന്‍ പറഞ്ഞു.

റിസര്‍വ് ബാങ്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആയതിനാല്‍ നിക്ഷേപത്തിനും പലിശയ്ക്കും സര്‍ക്കാര്‍ ഗാരന്റിയുണ്ട്. 2015 നവംബറില്‍ ആദ്യമായി സര്‍ക്കാര്‍ സ്വര്‍ണ ബോണ്ട് പുറത്തിറക്കിയപ്പോള്‍ ഒരു യൂണിറ്റ് ബോണ്ടിന്റെ നിരക്ക് 2684 രൂപയായിരുന്നു.