സാമ്പത്തികാസൂത്രണത്തിന് ടേം ഇൻഷൂറൻസ്

Posted on: October 17, 2014

Term-life-insurance-big

സാമ്പത്തിക സംരക്ഷണം ഓരോ കുടുംബത്തിനും പ്രധാനമാണ്. വിവാഹിതരായാലും അവിവാഹിതരായാലും സാമ്പത്തികമായ ചില കടമകൾ ഉണ്ടാകും. വിവിധ വായ്പകളുടെ തിരിച്ചടവ്, ഭാവിയിലേക്കൊരു വീടെന്ന സ്വപ്നം, സ്വന്തമായൊരു വാഹനം, വിദ്യാഭ്യാസത്തിനായുള്ള ചെലവുകൾ, വിവാഹം തുടങ്ങിയ നിരവധി ആവശ്യങ്ങൾ എല്ലാവർക്കും മനസലുണ്ടാവും.

നമ്മിൽ പലരും സമ്പാദിക്കുന്നതു തന്നെ ഇത്തരം ലക്ഷ്യങ്ങൾ മനസിൽ കണ്ടു കൊണ്ടുമാണ്. ഇത്തരം ലക്ഷ്യങ്ങളെല്ലാം മുന്നിൽ കണ്ടു കൊണ്ടുള്ള മുന്നേറ്റത്തിനു തടസം സൃഷ്ടിക്കുന്ന ഒന്നാവും കുടുംബത്തിനായി സമ്പാദിക്കുന്ന അംഗത്തിന്റെ വിയോഗം. ഇത്തരം സാഹചര്യങ്ങളുണ്ടാക്കുന്ന സാമ്പത്തികാഘാതം ഒരു പരിധി വരെയെങ്കിലും തടുക്കാനാവുന്ന ഒന്നാണ് ടേം ഇൻഷൂറൻസ്. കുടുംബത്തിന്
സാമ്പത്തിക സുരക്ഷിതത്വം നൽകാനുതകുന്ന ഏറ്റവും ഫലപ്രദമായ മാർഗ്ഗമായി ടേം ഇൻഷൂറൻസിനെ വിശേഷിപ്പിക്കുന്നതും ഇതു കൊണ്ടു തന്നെയാണ്.

ലൈഫ് ഇൻഷൂറൻസിന്റെ ഏറ്റവും ലളിതമായ മാതൃകയാണ് ടേം ഇൻഷൂറൻസ്. ഈ പദ്ധതികളിൽ പോളിസി ഉടമ, ഇൻഷൂറൻസ് കമ്പനിക്ക് പ്രീമിയം നൽകുകയും അതിനു മറുപടിയായി പോളിസി കാലാവധിക്കുള്ളിൽ പോളിസി ഉടമയുടെ മരണം ഉണ്ടാകുകയാണെങ്കിൽ മുൻ നിശ്ചയിച്ച തുക അവകാശികൾക്കു നൽകുകയും ചെയ്യും. അപ്രതീക്ഷിതമായുണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ ഒരു മാർഗ്ഗമാണ് ടേം ഇൻഷൂറൻസ് പദ്ധതി.

ടേം ഇൻഷൂറൻസ് പരമാവധി കുറഞ്ഞ പ്രായത്തിൽ തന്നെ വാങ്ങുന്നതാണ് ഉചിതം. വരുമാനം ലഭിച്ചു തുടങ്ങുന്ന കാലഘട്ടത്തിൽ ഇൻഷൂറൻസ് എടുക്കുകയും പിന്നീട് ഉത്തരവാദിത്വങ്ങൾ വർധിക്കുന്നതനുസരിച്ച് അതു വർധിപ്പിക്കുകയും ചെയ്യുകയാണ് ഉത്തമം. അറുപതു വയസിനു ശേഷം ടേം ഇൻഷൂറൻസ് എടുക്കാതിരിക്കുന്നതാണ് നല്ലത്.

സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുമ്പോൾ രണ്ടുഘടകങ്ങൾ ശ്രദ്ധിക്കണം. നിലവിലുള്ള ബാധ്യതകൾ മറികടക്കാനും ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനനും. കുടുംബാംഗങ്ങൾക്കു ബാധ്യത വരുത്താതെ ആസ്തികൾ സൃഷ്ടിക്കുന്നതിനാവണം ഇത്തരം ആസൂത്രണത്തിന്റെ അടിസ്ഥാനം.

പ്രതിവർഷ വരുമാനത്തിന്റെ 20 മുതൽ 30 മടങ്ങു വരെയുള്ള പരിരക്ഷയാണ് അഭികാമ്യം. നാൽപ്പതുകളിലുള്ള ഒരു വ്യക്തിക്ക് പത്തു മുതൽ 20 മടങ്ങു വരെയുള്ള പരിരക്ഷയാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. അൻപതുകളിലുള്ളവർക്ക് വാർഷിക വരുമാനത്തിന്റെ അഞ്ചു മുതൽ പത്തു മടങ്ങു വരെയുള്ള പരിരക്ഷ അനുയോജ്യമായിരിക്കും. റിട്ടയർമെന്റ് കാലം വരെ ദൈർഘ്യമുള്ള പരിരക്ഷയാവും പലർക്കും അനുയോജ്യം.

ടേം ഇൻഷൂറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്. തങ്ങളെ സംബന്ധിച്ച യഥാർത്ഥ വസ്തുതകൾ ഇൻഷുറൻസ് കമ്പനിക്കു മുന്നിൽ വെളിപ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ആകസ്മിക ഘട്ടങ്ങളിൽ ആവശ്യമായ സാമ്പത്തിക പിന്തുണ നിരസിക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കാൻ ഇതു സഹായിക്കും.

സന്ദീപ് ബത്ര (ലേഖകൻ ഐ.സി.ഐ.സി.ഐ. പ്രൂഡെൻഷ്യൽ ലൈഫ് ഇൻഷൂറൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്)