ചെറുകിട – ഇടത്തരം വായ്പാമേഖലയിൽ വളർച്ചയെന്ന് സിബിൽ റിപ്പോർട്ട്‌

Posted on: January 10, 2019

കൊച്ചി : വാണിജ്യ മേഖലയിലെ വായ്പാ വളര്‍ച്ച 13.5 ശതമാനത്തില്‍ തുടരുന്നതായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച ക്വാര്‍ട്ടറിലേക്കുള്ള സിബില്‍-സിഡ്ബി എം എസ് എം ഇ പള്‍സ് റിപ്പോര്‍ട്ട്. രാജ്യത്ത് ഇക്കാലത്തെ വായ്പകള്‍ 105.5 ലക്ഷം കോടി രൂപയുടേതാണെന്നും ഇതില്‍ 24.7 ലക്ഷം കോടി രൂപ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭ മേഖലയുടേതാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. 2017 സെപ്റ്റംബര്‍ അവസാനത്തിലെ 15.5 ശതമാനത്തെ അപേക്ഷിച്ച് 2018 സെപ്റ്റംബര്‍ അവസാനം വാണിജ്യ വായ്പകളുടെ നിഷ്‌ക്രിയ ആസ്തി 17.5 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

ചെറുകിട മേഖലയിലെ വായ്പകളില്‍ ആസ്തികള്‍ തിരിച്ചടക്കുന്നതിന്റെ നിരക്ക് ആരോഗ്യകരമായ രീതിയിലാണെന്നു റിപ്പോര്‍ട്ട്  ചൂണ്ടിക്കാട്ടുന്നതായി ഇതേക്കുറിച്ചു പ്രതികരിച്ച സിഡ്ബി സി.എം.ഡി. മൊഹമ്മദ് മുസ്തഫ ചൂണ്ടിക്കാട്ടി.

എം എസ് എം ഇ പള്‍സിന്റെ നാലാമത് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. വായ്പകളിലെ നഷ്ട സാധ്യതകള്‍ ഒഴിവാക്കാന്‍ വായ്പാ ദാതാക്കള്‍ തുടര്‍ച്ചയായ നിരീക്ഷണം നടത്തണമെന്നും കൃത്യമായ ഇടപെടലുകള്‍ നടത്തണമെന്നും ഇതേക്കുറിച്ചു പ്രതികരിച്ച ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ സതീഷ് പിള്ള ചൂണ്ടിക്കാട്ടി.

ചെറുകിട മേഖലയ്ക്ക് നല്‍കുന്ന വായ്പകള്‍ 100 കോടി രൂപയോ അതിലേറെയോ ഉള്ള 128 സ്ഥാപനങ്ങളാണ് ആകെയുള്ളത്. ഇതില്‍ 77 എണ്ണം ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളാണ്. ഇവയുടെ വിപണി വിഹിതം 17 ശതമാനമാണ്.