ഇന്ത്യന്‍ ഉപഭോക്തൃ വായ്പാ വിപണിയില്‍ 21 ശതമാനം വളര്‍ച്ച

Posted on: December 20, 2018

കൊച്ചി : ഇന്ത്യന്‍ ഉപഭോക്തൃ വായ്പാ വിപണി 2018 മൂന്നാം ക്വാര്‍ട്ടറില്‍ 21 ശതമാനം വളര്‍ച്ച നേടി. അക്കൗണ്ടുകളുടെ എണ്ണത്തിലെ വര്‍ധന മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 28 ശതമാനമാണെന്ന് ട്രാന്‍സ്‌യൂണിയന്‍ സിബില്‍ ഇന്‍ഡസ്ട്രി ഇന്‍സൈറ്റ് റിപ്പോര്‍ട്ട് പറയുന്നു. മുന്‍വര്‍ഷമിതേ കാലയളവിലെ വളര്‍ച്ച യഥാക്രമം 22 ശതമാനവും 23 ശതമാനവും വീതമായിരുന്നു.
റീട്ടെയില്‍ വായ്പാ വിപണിയുടെ നെടുംതൂണ്‍ 30-49 വയസിനിടയിലുള്ളവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2018-ല്‍ സെപ്റ്റംബറിലവസാനിച്ച ക്വാര്‍ട്ടറില്‍ വായ്പാ വിപണിയില്‍ സജീവമായ ഉപഭോക്താക്കളില്‍ 56 ശതമാനവും ഈ വിഭാഗത്തില്‍പ്പെട്ടവരാണ്.

മുപ്പതുകളിലുള്ള ഉപഭോക്താക്കളില്‍ നല്ലൊരു പങ്കിന്റേയും കുടുംബാംഗങ്ങളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. വാഹനം, വീട്, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് വായ്പ ആവശ്യമുള്ളവരാണ്. പുതുതലമുറയിലുള്ളവര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ വായ്പ നേടുവാന്‍ അര്‍ഹത നേടുന്നുവെന്നുള്ളതാണ് മറ്റൊരു നല്ല വാര്‍ത്ത.

പുതിയ തലമുറയിലുള്ളവരും കണ്‍സ്യൂമര്‍ വായ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവരുടെ എണ്ണം 2015 കലണ്ടര്‍ വര്‍ഷത്തിലെ മൂന്നാം ക്വാര്‍ട്ടറിലെ 17.5 ശതമാനത്തില്‍നിന്ന് 2018-ലെ മൂന്നാം ക്വാര്‍ട്ടറില്‍ 19.7 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യന്‍ ഉപഭോക്തൃ മേഖലയിലേക്കുള്ള വായ്പയില്‍ വന്‍വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്്. അക്കൗണ്ടുകളുടെ വായ്പാ തുകയിലും വളര്‍ച്ച ഉണ്ടാകുന്നു. ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പ തുടങ്ങിയ വായ്പാ ഉപകരണങ്ങളിലും വന്‍ വളര്‍ച്ചയാണ് ദര്‍ശിക്കുന്നതെന്ന് ട്രാന്‍സ് സിബില്‍ യൂണിയന്‍ റിസേര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് വൈസ് പ്രസിഡന്റ് യോഗേന്ദ്ര സിംഗ് പറഞ്ഞു. അക്കൗണ്ടുകളുടേയും വായ്പയുടേയും പകുതിയും പുതുതലമുറയില്‍പ്പെട്ടവരുടേതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പ തുടങ്ങിയ പ്രധാന വായ്പകളില്‍ മികച്ച വളര്‍ച്ചയാണ് നേടുന്നത്. ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകളുടെ എണ്ണം 32 ശതമാനം വര്‍ധനയോടെ 36.9 ദശലക്ഷം യൂണിറ്റിലെത്തി. വ്യക്തിഗത വായ്പ അക്കൗണ്ടുകള്‍ മുന്‍വര്‍ഷത്തേതിനേക്കാള്‍ 26 ശതമാനം വര്‍ധനയോടെ 15 ദശലക്ഷത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്.