റബർ വിലയിടിവ് തുടരാൻ സാധ്യത

Posted on: September 12, 2014

Rubber-kada-big

മൺസൂണിനു ശേഷം കേരളത്തിലെ ടാപ്പിംഗ് പുനരാരംഭിക്കുന്നതോടെ റബർ വില സമീപ വർഷങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്കു നീങ്ങാനാണു സാധ്യതയെന്ന് ജിയോജിത്ത് കോം ട്രേഡ് റിസർച്ച് അനലിസ്റ്റ് അനു വി. പൈ പറഞ്ഞു.

സ്വാഭാവിക റബർ വിപണിയിൽ കോട്ടയത്ത് ആർ.എസ്.എസ്. നാലിന്റെ വില 2009 ഡിസംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. ടയർ നിർമാതാക്കളിൽ നിന്നുള്ള വളരെ കുറഞ്ഞ ഡിമാൻഡ്, ഉയർന്ന ഇറക്കുമതി, അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് തുടങ്ങിയ കാരണങ്ങളാണ് ആഭ്യന്തര വിപണിയിലെ വിലയിടിവിനു വഴിവയ്ക്കുന്നത്.

മഴയെ തുടർന്ന് ടാപ്പിംഗ് സ്തംഭിച്ചിട്ടും ഇതാണു സ്ഥിതിയെന്നു കൂടി പരിഗണിക്കേണ്ടതുണ്ട്. സ്വാഭാവിക റബർ ഉപഭോഗത്തിൽ വർധനവുണ്ടായിട്ടുണ്ടെങ്കിലും ആഭ്യന്തര വിപണിയിൽ ടയർ കമ്പനികളുടെ വാങ്ങൽ ദീർഘകാലമായി ഉയരുന്നില്ല. വൻ തോതിൽ ഇറക്കുമതിയെ ആശ്രയിക്കുന്നതാണു കാരണം. റബർ ബോർഡിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഈ വർഷം ഏപ്രിൽ -ജൂലൈ കാലയളവിൽ 1,33,789 ടൺ സ്വാഭാവിക റബർ ഇറക്കുമതിയാണുണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 90580 ടണ്ണിന്റെ സ്ഥാനത്താണിത്.

തായ്‌ലൻഡിൽ അഞ്ചു വർഷത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്കു റബർ വില താഴ്ന്നുകൊണ്ടിരിക്കുന്നത് ആഭ്യന്തര, അന്താരാഷ്ട്ര വിലകൾ തമ്മിൽ വൻ വ്യത്യാസത്തിനാണു വഴി തുറക്കുന്നത്. അധിക ശേഖരം വിറ്റഴിക്കാനുള്ള തായ്‌ലൻഡ് നീക്കവും ആശങ്ക ഉയർത്തുന്നു. 2,10,000 ടൺ റബർ വിറ്റഴിക്കാനാണ് തായ്‌ലൻഡിലെ പീസ് ആൻഡ് ഓർഡർ നാഷണൽ കൗൺസിൽ അംഗീകാരം നൽകിയിട്ടുള്ളത്.