ബിർള സൺ ലൈഫ് റീസർജന്റ് ഇന്ത്യ ഫണ്ട് സീരീസ്-4 ക്ലോസ് എൻഡഡ് ഇക്വിറ്റി ഫണ്ട്

Posted on: July 16, 2017

കൊച്ചി : ബിർള സൺ ലൈഫ് അസറ്റ് മാനേജ്‌മെന്റ് കമ്പനി, ബിർള സൺ ലൈഫ് റീസർജന്റ് ഇന്ത്യ ഫണ്ട് സീരീസ്-4 ക്ലോസ് എൻഡഡ് ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു. അലോട്ട്‌മെന്റ് തീയതി മുതൽ മൂന്നരവർഷത്തേക്കാണ് ഫണ്ടിന്റെ കാലാവധി. ജൂൺ 23-ന് ആരംഭിച്ച ഇഷ്യു ജൂലൈ ഏഴിന് അവസാനിച്ചു. യൂണിറ്റിന്റെ മുഖ വില 10 രൂപയാണ്.ഓഹരി, ഓഹരിയധിഷ്ഠിത ഉപകരണങ്ങൾ ( ഓപ്ഷൻ പ്രീമിയം ഉൾപ്പെടെ) തുടങ്ങിയവയിൽ നിക്ഷേപം നടത്തി മൂലധന വളർച്ച ലക്ഷ്യമിടുന്ന പദ്ധതിയാണ് ബിർള സൺ ലൈഫ് റീസർജന്റ് ഇന്ത്യ ഫണ്ട് സീരീസ്-4. ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ചയിലേക്കുള്ള തിരിച്ചുവരവ് ഫണ്ടിന് സഹാകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഫണ്ടിന്റെ ബഞ്ച്മാർക്ക് ബിഎസ്ഇ 200 ആണ്. ജയേഷ് ഗാന്ധിയാണ് ഫണ്ട് മാനേജർ.

ഫണ്ടിന്റെ ആസ്തിയുടെ 80-100 ശതമാനം വരെ ഓഹരി, യധിഷ്ഠിത ഉപകരണങ്ങളിലും 0-20 ശതമാനം വരെ ഡെറ്റ്, പണവിപണി ഉപകരണങ്ങളിലുമാണ് നിക്ഷേപിക്കുക. ഇന്ത്യൻ സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ടു കിടക്കുന്ന ബിസിനസ് മേഖലകളിലെ മുൻനിര ഓഹരികളും ഭാവിയിൽ മുൻനിരയിലേക്ക് എത്താൻ സാധ്യതയുമുള്ള ഓഹരികളുമാണ് നിക്ഷേപത്തിനായി തെരഞ്ഞെടുക്കുക. വിപണിയിലെ വന്യമായ വ്യതിയാനങ്ങൾ കൊണ്ടുവരുന്ന അവസരം മുതലെടുക്കുവാനായി യോജിച്ച സമയത്ത് ഓഹരികൾ വിറ്റൊഴിയുന്ന നിക്ഷേപ തന്ത്രവും ഫണ്ട് സ്വീകരിക്കും. ആസ്തിയിൽ ചെറിയൊരു ഭാഗം സ്ഥിരവരുമാന ഉപകരണങ്ങളിൽ നിക്ഷേപിക്കും. ഫണ്ടിന്റെ പണലഭ്യത ആവശ്യങ്ങൾ നിറവേറ്റുവാനാണിത്.

റെഗുലർ പ്ലാൻ, ഡയറക്ട് പ്ലാൻ എന്നിങ്ങനെ രണ്ടുവിധത്തിലുള്ള പദ്ധതികളുണ്ട്. ഇവയുടെ നിക്ഷേപശേഖരം ഒന്നാണെങ്കിലും എൻഎവി വ്യത്യസ്തമായിരിക്കും. ഈ ഓരോ പദ്ധതിയുടെ കീഴിലും ഗ്രോത്ത്, ഡിവിഡൻഡ് ഓപ്ഷനുകളുമുണ്ടാകും. ഡിവിഡൻഡ് ഓപ്ഷനിൽ പേ ഔട്ട്, സ്വീപ് സൗകര്യം എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.

യൂണിറ്റ് അലോട്ട്‌മെന്റ് കഴിഞ്ഞതിനുശേഷ അഞ്ചു പ്രവർത്തനദിവസത്തിനുള്ളിൽ ഫണ്ട് ആദ്യത്തെ എൻഎവി പ്രഖ്യാപിക്കും. പിന്നീട് ഓരോ ബിസിനസ് ദിവസവും എൻഎവി പ്രഖ്യാപിക്കും. പദ്ധതി കാലയളവ് അവസാനിക്കുന്നതുവരെ യൂണിറ്റുകൾ റിഡീം ചെയ്യുകയോ റീപർച്ചേസ് ചെയ്യുകയോ ഇല്ല. എന്നാൽ യൂണിറ്റുകൾ എൻഎസ്ഇ, ബിഎസ്ഇ എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും. യൂണിറ്റ് ഉടമകൾക്ക് അന്നന്നത്തെ എൻഎവിയിൽ എക്‌സ്‌ചേഞ്ചുകൾ വഴി യൂണിറ്റുകൾ റിഡീം ചെയ്യാനോ വാങ്ങുവാനോ സാധിക്കും.

ബിർള സൺ ലൈഫ് അസറ്റ് മാനേജ്‌മെന്റ് കമ്പനി: ആദിത്യ ബിർള ഗ്രൂപ്പും കാനഡയിലെ സൺലൈഫ് ഫിനാൻഷ്യൽ ഇൻകോർപറേഷനും സംയുക്തമായി പ്രമോട്ടു ചെയ്തിരിക്കുന്ന കമ്പനിയാണ് ബിർള സൺ ലൈഫ് അസറ്റ് മാനേജ്‌മെന്റ് കമ്പനി. 1994 ൽ ആരംഭിച്ച കമ്പനി രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ ഫണ്ട് ഹൗസാണ്. ഇക്വിറ്റി, ഡെറ്റ്, ബാലൻസ്ഡ് എന്നീ വിഭാഗങ്ങളിൽ വൈവിധ്യമാർന്ന ധനകാര്യ ഉപത്പന്നങ്ങൾ ലഭ്യമാക്കിയിട്ടുള്ള കമ്പനിയിൽ 2017 മാർച്ചിൽ 3.9 ദശലക്ഷത്തിലധികം നിക്ഷേപകരുടെ അക്കൗണ്ടുണ്ട്.

”നോട്ട് പിൻവലിക്കലും തുടർന്നു നടപ്പാക്കുന്ന ജിഎസ്ടിയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാഗഗതിക്കും കമ്പനികളുടെ ലാഭക്ഷമതയ്ക്കും കരുത്തു പകരുകയാണ്. ഇതു പല മേഖലകളിലേയും കമ്പനികളിൽ റീറേറ്റിംഗിനു വഴിതെളിക്കുകയാണ്. ഇതു വലിയൊരു നിക്ഷേപാവസരമാണ് നിക്ഷേപകർക്കു മുന്നിൽ തുറന്നു നൽകുന്നത്. അടുത്ത 3-5 വർഷക്കാലത്ത് ഇന്ത്യൻ സമ്പദ്ഘടനയുടെ തിരിച്ചുവരവിൽനിന്ന് വലിയ നേട്ടമുണ്ടാക്കുവാൻ പോവുന്ന ഇത്തരം കമ്പനികളിടെ നേട്ടത്തിൽ പങ്കാളികളാകുവാനുള്ള അവസരമാണ് ഈ എൻഎഫ്ഒ നിക്ഷേപകർക്കു ലഭ്യമാക്കുന്നതെന്ന് പദ്ധതി പുറത്തിറക്കിക്കൊണ്ട് ബിർള സൺ ലൈഫ് അസറ്റ് മാനേജ്‌മെന്റ് കമ്പനി സിഇഒ എ ബാലസുബ്രഹ്മണ്യൻ പറഞ്ഞു.