എച്ച്ഡിഎഫ്‌സി ബാങ്കിൽ ഓഹരികളുടെ ഈടിന്മേൽ ഡിജിറ്റൽ വായ്പ

Posted on: April 7, 2017

കൊച്ചി : ഓഹരികളുടെ ഈടിന്മേൽ മൂന്നു മിനിറ്റിനുള്ളിൽ ഓവർ ഡ്രാഫ്റ്റുകൾ ലഭ്യമാക്കുന്ന ഡിജിറ്റൽ ലോൺ സംവിധാനം എച്ച്ഡിഎഫ്‌സി ബാങ്ക് അവതരിപ്പിച്ചു. നെറ്റ് ബാങ്കിംഗ് വഴി ഓഹരികളുടെ ഈടിന്മേൽ ലളിതമായ മൂന്നു നടപടിക്രമങ്ങളിലൂടെയാണ് വായ്പ ലഭ്യമാക്കുക. ഈട് നൽകുന്ന ഓഹരികൾ നെറ്റ് ബാങ്കിംഗിലൂടെ തെരഞ്ഞെടുക്കാം. ബാങ്ക് പങ്കാളികളായ നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്റിന്റെ (എൻഎസ്ഡിഎൽ) ഒടിപി ഉപയോഗിച്ച് ഓൺലൈനായി ഓഹരികൾ ഈടു നൽകുകയും ചെയ്യാം.

വ്യത്യസ്തമായ കറന്റ് അക്കൗണ്ടിൽ ഓഹരികളുടെ ഈടിന്മേൽ വായ്പ നൽകുന്നതിനായി മുഴുവൻ നടപടിക്രമങ്ങളും പൂർണമായും ഓട്ടോമേറ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ബാങ്കാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. എൻഎസ്ഡിഎല്ലുമായി സഹകരിച്ചാണ് ബാങ്ക് ഉപഭോക്താക്കൾക്ക് തടസമില്ലാത്ത ഈ അനുഭവം ലഭ്യമാക്കുന്നത്. എച്ച്ഡിഎഫ്‌സി ഡീമാറ്റ് ഉപഭോക്താക്കൾക്ക് തങ്ങളുടെ ഓഹരികൾക്കു മേലുള്ള ഓവർഡ്രാഫ്റ്റ് പരിധി യോഗ്യത കണക്കാക്കി ഉടനടി കറന്റ് അക്കൗണ്ട് ആരംഭിക്കാവുന്നതുമാണ്.

വെറും മൂന്നു മിനിട്ടിനുള്ളിൽ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കാം. ഡീമാറ്റ് ഓഹരികൾക്കു മാത്രമാണ് ഇപ്പോൾ ഈ സൗകര്യം ലഭ്യമാകുന്നതെങ്കിലും മ്യൂച്ചൽ ഫണ്ട്, ബോണ്ടുകൾ, ഇൻഷുറൻസ് പോളിസികൾ മുതലായ സെക്യൂരിറ്റികൾക്കും ഈ സൗകര്യം ഉടൻ ലഭ്യമാകും. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഉപഭോക്താക്കൾക്ക് പ്രാധാന്യം നൽകുന്ന ബാങ്കിന്റെ നയപരമായ നീക്കത്തിന്റെ ഭാഗമാണ് ഡിജിറ്റൽ എൽഎഎസ് എന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അൺസെക്വേർഡ് ലോൺസ്, ഹോം ആൻഡ് മോർട്ട്‌ഗേജ് ലോൺസ് വിഭാഗം കൺട്രി ഹെഡ് അരവിന്ദ് കപിൽ പറഞ്ഞു.

TAGS: HDFC Bank |