ക്രെഡിറ്റ് സ്മാർട്ടാകാൻ സൗജന്യ വാർഷിക സിബിൽ സ്‌കോറും റിപ്പോർട്ടും

Posted on: March 10, 2017

മുംബൈ : പ്രമുഖ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയായ ട്രാൻസയൂണിയൻ സിബിൽ ഉപഭോക്താക്കൾക്ക് വാർഷിക സിബിൽ സ്‌കോറും റിപ്പോർട്ടും സൗജന്യമായി ലഭ്യമാക്കുന്നു. തങ്ങളുടെ മൊത്തം സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള സമഗ്രചിത്രം ഇതുവഴി എളുപ്പത്തിൽ ഉപഭോക്താക്കൾക്ക് ലഭിക്കും.
നിമിഷങ്ങൾക്കുള്ളിൽ ഓൺലൈനായി കംപ്യൂട്ടറിലും മൊബൈൽ ഫോണിലും സിബിൽ സ്‌കോറും റിപ്പോർട്ടും ലഭ്യമാക്കുന്ന സേവനം ആരംഭിക്കുന്നതിൽ ട്രാൻസ് യൂണിയൻ സിബിൽ കൺസ്യൂമർ ഇന്ററാക്ടീവ് വിപി ആർഡ് ഹെഡ് ഹൃഷി മേത്ത സന്തോഷം പ്രകടിപ്പിച്ചു.

സിബിൽ സ്‌കോറും റിപ്പോർട്ടും തുടർച്ചയായി ലഭിക്കുന്നതിന് സബ്‌സ്‌ക്രിപ്ഷൻ സേവനവും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. വരിക്കാരാകുന്നവർക്ക് റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തിഗത വായ്പ ഓഫറുകൾ, ക്രെഡിറ്റ് മോണിറ്ററിംഗ്, തർക്ക പരിഹാര സഹായം തുടങ്ങിയ സേവനങ്ങൾ തേടാവുന്നതാണ്. ഒരു വ്യക്തിയുടെ സാമ്പത്തിക ഭദ്രതയ്ക്കും വീട് വാങ്ങൽ, അടിയന്തിര ചികിത്സയുമായി ബന്ധപ്പെട്ട അപ്രതീക്ഷിത ചെലവുകൾ കൈകാര്യം ചെയ്യൽ, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്, ജോലി തുടങ്ങി സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ക്രെഡിറ്റ് സ്‌കോർ വളരെ പ്രധാന ഘടകമാണ്.

ഒരു വ്യക്തിയുടെ ക്രെഡിറ്റ് ചരിത്രത്തിന്റെ മൂന്നക്ക സംഗ്രഹമാണ് സിബിൽ സ്‌കോർ. വായ്പ അടവും ക്രെഡിറ്റ് കാർഡ് അടവും സംബന്ധിച്ച രേഖകൾ അടങ്ങുന്ന റിപ്പോർട്ടായ ക്രെഡിറ്റ് റിപ്പോർട്ടിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് ഈ സ്‌കോർ തയാറാക്കുന്നത്. ക്രെഡിറ്റ് കാർഡ് റിപ്പോർട്ടും സിബിൽ സ്‌കോറും ഉപയോഗിച്ചാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് അപേക്ഷകൾ വിലയിരുത്തുന്നതും വായ്പകളുടെയും ക്രെഡിറ്റിന്റെയും പരിധിയും കാലാവധിയും നിശ്ചയിക്കുന്നത്.
ട്രാൻസ് യൂണിയൻ സിബിലിന്റെ ക്രെഡിറ്റ് നിരീക്ഷണ (സബ്‌സ്‌ക്രിപ്ഷൻ) സേവനങ്ങൾക്കും സൗജന്യ വാർഷിക സിബിൽ സ്‌കോറിനും റിപ്പോർട്ടിനും, cibil.com/freecreditscore സന്ദർശിക്കുക.