ഫെഡറൽ ബാങ്കിന് കമ്മോഡിറ്റി ഓൺലൈനുമായി അഗ്രി ഫിനാൻസിംഗ് ധാരണ

Posted on: February 9, 2017

അഗ്രി ഫിനാൻസിംഗ് സംബന്ധിച്ച ധാരണാപത്രം ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ കെ.മോഹനനും കമ്മോഡിറ്റി ഓൺലൈൻ മാനേജിംഗ് ഡയറക്ടർ ജോർജ് ഐപ്പും കൈമാറുന്നു. ഫെഡറൽ ബാങ്ക് അഗ്രി ബിസിനസ് ചീഫ് മാനേജർ സന്തോഷ് എം പോൾ, കമ്മോഡിറ്റി ഓൺലൈൻ ഡയറക്ടർ ജിബി മാത്യു, കമ്പനി സെക്രട്ടറി ഇ പി മധുസൂദനൻ എന്നിവർ സമീപം.

കൊച്ചി : ഇന്ത്യയിലുടനീളം കൊളാറ്ററൽ മാനേജ്മെൻറ് സേവനങ്ങൾ ലഭ്യമാക്കുന്നതിനും വെയർഹൗസ് റെസീപ്റ്റിന്മേൽ ലോൺ അനുവദിക്കുന്നതിനുമായി ഫെഡറൽ ബാങ്ക് രാജ്യത്തെ പ്രമുഖ ഓൺലൈൻ ഡാറ്റ, ഇൻഫർമേഷൻ പോർട്ടലായ കമ്മോഡിറ്റി ഓൺലൈനുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. കമ്മോഡിറ്റി ഓൺലൈൻ ഇന്ത്യയുമായി ഫെഡറൽ ബാങ്ക് ഇത് സംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടു.

കരാർ അനുസരിച്ച് www.commodityonline.com എന്ന പോർട്ടൽ വഴി കമ്മോഡിറ്റി ഓൺലൈൻ അഗ്രി കമ്മോഡിറ്റി ഫിനാൻസിംഗ് പ്ലാറ്റ്‌ഫോം രൂപീകരിക്കും. ഇത് വഴി കർഷകർക്കും വ്യാപാരികൾക്കും ഓൺലൈനായി കമ്മോഡിറ്റി മാർക്കറ്റും വെയർഹൗസുകളും ട്രാക്ക് ചെയ്യാനും തങ്ങളുടെ ഉത്പന്നങ്ങൾക്ക് വളരെ വേഗം ഫിനാൻസ് ലഭിക്കുകയും ചെയ്യും.

കാർഷിക ഉത്പന്നങ്ങൾക്ക് ഫിനാൻസ് നൽകുന്നതിനായി ഓൺലൈൻ സേവനം പൂർണമായും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ധാരണാപത്രം ഒപ്പുവച്ചതെന്ന് ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ (എസ് എം ഇ & അഗ്രി) കെ.മോഹൻ അഭിപ്രായപ്പെട്ടു. നിലവിൽ 40 ശതമാനത്തിൽ താഴെ വ്യാപാരികൾക്കാണ് ഇൻസ്റ്റിറ്റിയുഷണൽ ക്രെഡിറ്റ് ലഭിക്കുന്നത്. 10-15 കർഷകർക്കാണ് ഫിനാൻസ് ലഭിക്കുന്നത്. പത്ത് വർഷം മുൻപ് വരെ വെയർഹൗസ് രസീതിൻ മേലുള്ള ലോണുകൾ 5,000 കോടി രൂപയായിരുന്നു. എന്നാൽ ഇപ്പോൾ 40,000 കോടി രൂപയാണ് ബാങ്കുകൾ നൽകുന്നത്.

രാജ്യവ്യാപകമായി കമ്മോഡിറ്റി മാർക്കറ്റുകളുടെ വില തത്സമയം അറിയാനും വെയർഹൗസ് സ്ഥിതി അറിയുന്നതിനും ഓൺലൈൻ പ്ലാറ്റ്‌ഫോം സഹായകരമാകുമെന്ന് കമ്മോഡിറ്റി ഓൺലൈൻ മാനേജിംഗ് ഡയറക്ടർ ജോർജ് ഐപ്പ് അഭിപ്രായപ്പെട്ടു. 2025 യോടെ രാജ്യത്തെ കമ്മോഡിറ്റി മാർക്കറ്റ് രണ്ട് ലക്ഷം കോടി രൂപയുടെ ബിസിനസ് ആയി വളരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെഡറൽ ബാങ്ക് സഹായത്തോടെ ലളിതമായ ഫിനാൻസിംഗ് സൗകര്യം ഓൺലൈനായി നൽകുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും ഐപ്പ് പറഞ്ഞു.

ഫെഡറൽ ബാങ്ക് അഗ്രി ബിസിനസ് ചീഫ് മാനേജർ സന്തോഷ് എം പോളും കമ്മോഡിറ്റി ഓൺലൈൻ ഡയറക്ടർ ജിബി മാത്യുവും കമ്പനി സെക്രട്ടറി ഇ പി മധുസൂദനനും ചേർന്ന് ധാരണാപത്രം കൈമാറി.