നിക്ഷേപ പരിപാലനത്തിന് ഡിജിറ്റൽ സംവിധാനവുമായി ലക്ഷ്മി വിലാസ് ബാങ്ക്

Posted on: January 31, 2017

കൊച്ചി : ലക്ഷ്മി വിലാസ് ബാങ്ക് ഫിൻടെക് സ്റ്റാർട്ട്അപ്പായ ഫിസ്ഡവുമായി ചേർന്ന് ഉപഭോക്താക്കൾക്ക് സമ്പാദ്യ പരിപാലനത്തിനായി മിഷൻ ഫിൻഫിറ്റ് എന്ന ഡിജിറ്റൽ സംവിധാനമൊരുക്കുന്നു. ഉപഭോക്താക്കൾക്ക് അവരുടെ സമ്പാദ്യം ഓൺലൈനായി പ്ലാൻ ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യമാണ് ഇതോടെ ലഭിക്കുന്നത്.

ഡിജിറ്റൽ സംവിധാനത്തിനു കീഴിലേക്ക് എൽവിബി നിരവധി സേവനങ്ങൾ കൊണ്ടു വരുന്നുണ്ട്. ആപ്ലിക്കേഷനിലൂടെ ഉപഭോക്താവിന് ആവശ്യമനുസരിച്ച് സമ്പാദ്യം ചെലവഴിക്കുന്നതിന് എളുപ്പത്തിൽ സ്വയം പ്ലാൻ ചെയ്യാനുള്ള ഉപദേശം ലഭിക്കും. കൂടാതെ കെവൈസി പൂർത്തിയാക്കുക, വിവിധ തലങ്ങളിലെ പണ നിക്ഷേപം, അക്കൗണ്ട് വിവരങ്ങൾ അറിയുക, പണം പിൻവലിക്കുക തുടങ്ങിയ കാര്യങ്ങളും ആപ്പിന്റെ സേവനങ്ങളിൽപ്പെടും. എല്ലാ ബാങ്കിംഗ് ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിലേക്കുള്ള ചുവടുവയ്പ്പാണ് ഇത്.

ലക്ഷ്മി വിലാസ് ബാങ്കിന് മാത്രമായി വെൽത്ത് മാനേജ്‌മെന്റ് സേവനം ലഭ്യമാക്കുന്നതിനാണ് മിഷൻ ഫിൻഫിറ്റ് അവതരിപ്പിച്ചതെന്നും ഇതുവഴി ഡിജിറ്റൽ ഇടപാടുകൾക്ക് പിന്തുണ നൽകുകയാണെന്നും ലക്ഷ്മി വിലാസ് ബാങ്ക് എംഡിയും സിഇഒയുമായ പാർത്ഥസാരഥി മുഖർജി പറഞ്ഞു.

കറൻസി രഹിതവും ഡിജിറ്റലുമാകുകയെന്നത് ഭാവിയിലേക്കുള്ള ചുവടുവയ്പ്പാണെന്നും പുതിയ ആപ്പിന്റെ അവതരണത്തോടെ ബാങ്ക് റീട്ടെയിൽ ഉപഭോക്താക്കൾക്ക് ഓൺലൈൻ ഇടപാടിനുള്ള സൗകര്യം ലഭ്യമാക്കിയിരിക്കുകയാണെന്നും ലക്ഷ്മി വിലാസിന്റെ റീട്ടെയ്ൽ ബാങ്കിംഗ് പ്രസിഡന്റ് എ.ജെ. വിദ്യാസാഗർ പറഞ്ഞു.

ബംഗലുരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റാർട്ട്അപ്പായ ഫിസ്ഡം നിക്ഷേപം, സമ്പാദ്യം തുടങ്ങിയ കാര്യങ്ങൾ എളുപ്പത്തിൽ നടത്തുന്നതിനുള്ള മൊബൈൽ, വെബ് ആപ്പുകൾ വികസിപ്പിക്കുന്നു. ലക്ഷ്മി വിലാസ് ബാങ്കുമായി സഹകരിക്കാനായതിൽ സന്തോഷമുണ്ടെന്നും മിഷൻ ഫിൻഫിറ്റ് 30 ലക്ഷത്തോളം വരുന്ന ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഉപകാരപ്രദമകുമെന്നും ഫിസ്ഡം സിഇഒയും സഹസ്ഥാപകനുമായ സുബ്രമണ്യ പറഞ്ഞു.