മുത്തൂറ്റ് മൈക്രോഫിനിൽ ഷിക്കാഗോ പിഇ ഫണ്ട് 130 കോടി മുതൽ മുടക്കും

Posted on: January 26, 2017

കൊച്ചി : മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് മൈക്രോഫിനിൽ ഷിക്കാഗോ പിഇ ഫണ്ടായ ക്രിയേഷൻ ഇൻവെസ്റ്റ്‌മെന്റ്‌സ് 130 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും. ക്രിയേഷൻ ഇൻവെസ്റ്റ്‌മെന്റ്‌സിന് മുത്തൂറ്റ് മൈക്രോഫിനാൻസിൽ 11 ശതമാനം ഓഹരി പങ്കാളിത്തം ലഭിക്കും. നിലവിൽ കമ്പനി പ്രവർത്തിക്കുന്ന 10 സംസ്ഥാനങ്ങൾക്കു പുറമേ ബീഹാർ, ഉത്തർപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കും. അടുത്ത മൂന്നുവർഷം കൊണ്ട് രാജ്യത്തൊട്ടാകെ 500 ശാഖകൾ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

സാങ്കേതികവിദ്യയുടെ സഹായത്തോടെ ഏറ്റവും കുറഞ്ഞ ചെലവിൽ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഉപഭോക്താക്കളുടെ പക്കൽ എത്തിച്ചരാനാണ് കമ്പനി ഒരുങ്ങുന്നതെന്ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ തോമസ് മുത്തൂറ്റ് പറഞ്ഞു. കറൻസി രഹിത സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതുവഴി പ്രവർത്തനച്ചെലവു കുറയ്ക്കുവാനും കാര്യക്ഷമത വർധിപ്പിക്കുവാനും കമ്പനിക്കു കഴിയുന്നു. വായ്പ നൽകുന്ന ഓരോ രൂപയിലും 0.5 ശതമാനം ചെലവു കുറയ്ക്കാൻ സാധിക്കുന്നു. കമ്പനിക്ക് 13 ലക്ഷത്തോളം മൈക്രോ ഫിനാൻസ് ഇടപാടുകാരുണ്ട്. നടപ്പുവർഷം ഡിസംബർ 26 വരെ ഗ്രാമീണ മേഖലയിലെ നാലു ലക്ഷം വീടുകൾക്കു വായ്പ നൽകിയിട്ടുണ്ടെന്നും അദേഹം അറിയിച്ചു.

കമ്പനി മാനേജ് ചെയ്യുന്ന ആസ്തി ഇക്കഴിഞ്ഞ വർഷം മുൻവർഷത്തേ അപേക്ഷിച്ച് 122 ശതമാനവും അറ്റാദായം 222 ശതമാനവും വളർച്ച നേടിയതായി മുത്തൂറ്റ് മൈക്രോഫിൻ സിഇഒ സദാഫ് സയീദ് പറഞ്ഞു. 2016 ഡിസംബർ വരെ മാനേജ് ചെയ്യുന്ന ആസ്തി 1252 കോടി രൂപയും അറ്റാദായം 25.11 കോടി രൂപയുമാണ്. നടപ്പുവർഷം 35 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന അറ്റാദായം.