എച്ച്ഡിഎഫ്‌സി ഉപഭോക്താക്കൾക്ക് സിബിൽ സ്‌കോറും റിപ്പോർട്ടും ഇനി നേരിട്ടറിയാം

Posted on: August 12, 2016

HDFC-Logo-Big

കൊച്ചി : വായ്പ വിവര സ്ഥാപനമായ ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ലിമിറ്റഡ് (സിബിൽ) എച്ച്ഡിഎഫ്‌സി ഇടപാടുകാർക്കായി നൂതനമായൊരു ഓഫർ പ്രഖ്യാപിച്ചു. എച്ച്ഡിഎഫ്‌സി നടപ്പിലാക്കിയ സിബിൽ കൺസ്യൂമർ കണക്റ്റ് വഴി ഉപഭോക്താക്കൾക്ക് ഇനി ബാങ്കിന്റെ വെബ്‌സൈറ്റിലൂടെ അവരുടെ സിബിൽ സ്‌കോറും റിപോർട്ടും സെക്കൻഡുകൾക്കുള്ളിൽ നേരിട്ട് ലഭ്യമാകും. എച്ച്ഡിഎഫ്‌സി ബാങ്കിൽ വായ്പയ്ക്കു അപേക്ഷിക്കുന്ന ഒരാളുടെ സിബിൽ സ്‌കോർ പരിശോധിച്ചാൽ മാത്രം മതി വായ്പയ്ക്കുള്ള യോഗ്യത ഉറപ്പുവരുത്താനെന്നും എച്ച്ഡിഎഫ്‌സി മാനേജിംഗ് ഡയറക്ടർ രേണു കർണാട് പറഞ്ഞു.

സിബിൽ കൺസ്യൂമർ കണക്റ്റ്, വായ്പ സ്ഥാപനങ്ങൾക്ക് അവരുടെ ഉപഭോക്താക്കളെ കുറിച്ച് മനസിലാക്കി കൊടുക്കുന്നതിന് സഹായിക്കുന്നു. ഉപഭേക്താക്കളെ വായ്പ അച്ചടക്കത്തെക്കുറിച്ച് ബോധവത്ക്കരിക്കാനും സഹായിക്കുന്നു.
ഉപഭോക്താക്കൾക്ക് എളുപ്പത്തിലും വേഗത്തിലും അനായാസം പണം ലഭ്യമാക്കാനുള്ള ശ്രമമാണ് സിബിൽ കൺസ്യൂമർ കണക്റ്റിലൂടെ സാധ്യമാകുന്നതെന്ന് സിബിൽ സിഇഒയും മാനേജിങ് ഡയറക്ടറുമായ സതീശ് പിള്ള പറഞ്ഞു.

വ്യക്തികളുടെ വായ്പ യോഗ്യതയും തിരിച്ചടവു ശേഷിയും കണക്കാക്കാനുള്ള ഏറ്റവും വിശ്വസനീയമായ വിവരമായി സിബിൽ സ്‌കോറും റിപോർട്ടും മാറി കഴിഞ്ഞു. സിബിൽ സ്‌കോറും റിപോർട്ടും പരിശോധിക്കാതെ ഇന്ന് ആർക്കും വായ്പയും ക്രെഡിറ്റ് കാർഡും നൽകാറില്ല. സിബിൽ സ്‌കോറും റിപ്പോർട്ടും മനസിലാക്കുന്നതു വഴി ഉപഭോക്താക്കൾക്കും അവരുടെ വായ്പ വിവരങ്ങളെ കുറിച്ച് ബോധാന്മാരാകുകയും ക്രെഡിറ്റ് ഹിസ്റ്ററി നന്നായി പരിപാലിക്കുകയും ചെയ്യാം. ഇന്ന് 79 ശതമാനത്തിലധികം പുതിയ വായ്പകളും നൽകുന്നത് സിബിൽ സ്‌കോർ 750 പോയിന്റിന് മുകളിൽ ഉള്ളവർക്ക് മാത്രമാണ്.