ജ്യൂസ് വിപണി കീഴടക്കാൻ റോ പ്രെസറി

Posted on: August 27, 2017

ആരോഗ്യവും രുചിയും ഒന്നിക്കുന്ന ഏറ്റവും ശുദ്ധമായ ജ്യൂസ് ബ്രാൻഡ് ആണ് റോ പ്രെസറി. ഇളനീർ, കരിമ്പ്, മാതളനാരങ്ങ, ഓറഞ്ച്, ആപ്പിൾ, പേരക്ക, പച്ചക്കറി ജ്യൂസുകൾ തുടങ്ങി 25 രുചിഭേദങ്ങളാണ് റോ പ്രെസറി ശ്രേണിയിലുള്ളത്. മുംബൈ, പൂനെ, ഡൽഹി, ഗുർഗാവ്, ചണ്ഡിഗഡ്, ഹൈദരാബാദ്, ചെന്നൈ, ബംഗലുരു, കൊച്ചി എന്നീ നഗരങ്ങളിൽ സാന്നിധ്യം. ബോട്ടിൽഡ് ജ്യൂസ് വിപണിയിൽ കേവലം നാല് വർഷത്തിനുള്ളിലാണ് റോ പ്രെസറി അത്ഭുതപൂർവ്വമായ വളർച്ച കൈവരിച്ചത്. ഈ നേട്ടങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന തിരുവനന്തപുരം സ്വദേശിയായ ശ്രീജിത്ത് നായർ റോ പ്രെസറിയുടെ സെയിൽസ് ഡയറക്ടർ ആണ്.

അസംഘടിത മേഖല കൈയാളുന്ന ജ്യൂസ് വിപണിയിൽ ആരോഗ്യദായകമായ ജ്യൂസിന് വേണ്ടിയുള്ള അനുജ് രക്യാന്റെ അന്വേഷണമാണ് റോ പ്രെസറിയുടെ നിർമാണത്തിന് വഴിതെളിച്ചത്. 2013 ജൂണിൽ കാരറ്റ് ജ്യൂസിലായിരുന്നു തുടക്കം. ശുദ്ധമായ ജ്യൂസുകൾ, സ്മൂത്തീസുകൾ, ബൂസ്റ്ററുകൾ, സൂപ്പുകൾ, നട്ട് മിൽക്കുകൾ എന്നിവ ഉൾപ്പെടുന്ന റോ പ്രെസറി ഉത്പന്നങ്ങളിൽ രാസപദാർത്ഥങ്ങൾ, പ്രിസർവേറ്റീവുകൾ, കൃത്രിമ നിറങ്ങൾ, പഞ്ചസാര എന്നിവ അടങ്ങിയിട്ടില്ല. കോൾഡ് പ്രസിംഗിനിടെ ചൂടോ വായുവോ ജ്യൂസിലൂടെ കടത്തി വിടാതിരിക്കുന്നതിനാൽ ജ്യൂസിൽ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങളും എൻസൈമുകളും അതേപടി നിലനിൽക്കും. ശുദ്ധമായ പഴങ്ങൾ, പച്ചക്കറികൾ, നട്ട്‌സുകൾ, സീഡുകൾ എന്നിവയുടെ മിശ്രണത്തിലൂടെ പരമാവധി പോഷകഗുണം ഉപഭോക്താക്കൾക്ക് ലഭ്യമാകും. ആരോഗ്യത്തിനും സൗന്ദര്യവർധനയ്ക്കും ഒരു പോലെ സഹായകമാണ് നൂറു ശതമാനം ശുദ്ധമായ റോ പ്രെസറി ജ്യൂസുകൾ.

 

തുടക്കത്തിൽ ഡബ്ബാവാലകളിലൂടെ മുംബൈയിലും പൂനെയിലും മാത്രമായിരുന്നു വിതരണം. അടുത്ത വർഷം ഫുഡ്ഹാൾ, ഗോദ്‌റെജ് നേച്ചർബാസ്‌ക്കറ്റ് ഔട്ട്‌ലെറ്റുകളിൽ റോ പ്രെസറി ഉത്പന്നങ്ങൾ സ്ഥാനം പിടിച്ചു. 2014 ഏപ്രിലിൽ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ സെക്വയ കാപ്പിറ്റലിൽ നിന്നും നിക്ഷേപം എത്തിയതോടെ റോ പ്രെസറിയുടെ ജൈത്രയാത്രയ്ക്ക് വേഗം കൂടി. തുടർന്ന് സാമാ കാപ്പിറ്റൽ, ഡിഎസ്ജി കൺസ്യൂമർ പാർട്‌ണേഴ്‌സ്, ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ് എന്നിവരും റോ പ്രെസറിയിൽ മൂലധന നിക്ഷേപം നടത്തി.

ഏഷ്യയിലെ ആദ്യ ഹൈ പ്രഷർ പ്രോസസിംഗ് മെഷീൻ എത്തിയതോടെ പനവേലിലെ ഫാക്ടറി സജ്ജീവമായി. നൂതനമായ കോൾഡ് പ്രസ് സാങ്കേതികവിദ്യയും ഉയർന്ന മർദ്ദത്തിൽ ഭക്ഷണപദാർത്ഥങ്ങൾ സംരക്ഷിക്കുന്ന പാസ്‌കലൈസേഷൻ പ്രക്രിയ ഉപയോഗിച്ചാണ് രക്യാൻ ബീവറേജസ് റോ പ്രെസറി ഫ്രഷ് ജ്യൂസുകൾ നിർമ്മിക്കുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന റോ പ്രെസറി ജ്യൂസുകൾ ശീതികരിച്ചാൽ 21 ദിവസം വരെ കേടുകൂടാതെയിരിക്കും. ഷെൽഫ് ലൈഫ് 17 ദിവസം കഴിഞ്ഞാൽ ഉത്പന്നം തിരിച്ചെടുക്കുമെന്ന് കമ്പനിയുടെ ഉറപ്പ്. എന്നാൽ അതിന് മുമ്പേ ഷെൽഫ് കാലിയാകുമെന്നാണ് ഇതുവരെയുള്ള അനുഭവമെന്ന് ശ്രീജിത്ത് നായർ പറഞ്ഞു.

 

കരിമ്പിൻ ജ്യൂസ് ഇന്ത്യയിൽ ആദ്യമായി ബോട്ടിൽ ചെയ്തത് റോ പ്രെസറി ബ്രാൻഡിലാണ്. ഈജിപ്തിൽ നിന്നും സൗത്ത് ആഫ്രിക്കയിൽ നിന്നും ശേഖരിക്കുന്ന ഓറഞ്ച്, പൊള്ളാച്ചിയിൽ നിന്നുള്ള കരിക്ക്, കേരളത്തിൽ നിന്നുള്ള പൈനാപ്പിൾ, മഹാരാഷ്ട്രയിൽ നിന്നുള്ള മാതളനാരങ്ങ, പേരക്ക, ആപ്പിൾ, പച്ചക്കറികൾ തുടങ്ങിയവയാണ് ജ്യൂസ് നിർമാണത്തിന് ഉപയോഗിക്കുന്നത്. 250 എംഎൽ, ഒരു ലിറ്റർ ബോട്ടിലുകളിലാണ് റോ പ്രെസറി ജ്യൂസുകൾ വിൽക്കുന്നത്. ഫാം ഫ്രെഷ് ഉത്പന്നങ്ങളിൽ നിന്നും നിർമ്മിക്കുന്ന റോ പ്രെസറി ജ്യൂസുകളുടെ വില 80 രൂപ മുതൽ 400 രൂപ വരെ.

രാജ്യത്തെ 12 നഗരങ്ങളിലായി 1500 ഓളം സെയിൽസ് പോയിന്റുകൾ റോ പ്രെസറിക്കുണ്ട്. വൈകാതെ തിരുവനന്തപുരത്തും കോഴിക്കോട്ടും റോ പ്രെസറി ലഭ്യമാകും. വിമാനക്കമ്പനികളായ വിസ്താരയും എയർ ഏഷ്യയും റോ പ്രെസറി ഉത്പന്നങ്ങൾ ആകാശയാത്രയിൽ വിതരണം ചെയ്യുന്നതും ഉത്പന്നത്തിന്റെ ഗുണനിലവാരത്തിനും വിശ്വാസ്യതയ്ക്കും മാറ്റ്കൂട്ടുന്നു. കൂടാതെ ഡൽഹി, മുംബൈ, ബംഗലുരു, കൊച്ചി തുടങ്ങിയ മെട്രോ വിമാനത്താവളങ്ങളിലും റോ പ്രെസറി ജ്യൂസുകൾ വില്പന നടത്തിവരുന്നു.

ആഗോളതലത്തിൽ സിംഗപ്പൂർ, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളിലേക്കും റോ പ്രെസറി ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. ജിസിസി രാജ്യങ്ങളിലെ പായ്ക്കഡ് ജ്യൂസ് വിപണി 3.2 ബില്യൺ (20,800 കോടി രൂപ) ഡോളറിന്റേതാണ്. ഇന്ത്യയിൽ 1.4 ബില്യൺ (9,100 കോടി രൂപ) ഡോളറിന്റെ ബിസിനസും നടക്കുന്നു. നിലവിൽ റോ പ്രെസറി 40-45 കോടി രൂപയുടെ വിറ്റുവരവ് നേടുന്നുണ്ട്. കഴിഞ്ഞവർഷം വിറ്റുവരവിൽ 120 ശതമാനം വളർച്ചയാണ് കമ്പനി കൈവരിച്ചത്. വിപണി വികസനത്തിന്റെ ഭാഗമായി വൈകാതെ ഓൺലൈൻ സ്‌റ്റോറായ ആമസോണിലും റോ പ്രെസറി ജ്യൂസുകൾ വില്പനയ്ക്ക് എത്തുമെന്ന് ശ്രീജിത്ത് നായർ പറഞ്ഞു.