എസ് എഫ് സിയുടെ രുചി സാമ്രാജ്യം

Posted on: July 17, 2016

SFC-Group-Muraleedharan-Big

ക്വിക് സർവീസ് റെസ്റ്റോറന്റ് മേഖലയിലെ പ്രമുഖ ബ്രാൻഡുകളിലൊന്നാണ് യുഎഇ ആസ്ഥാനമായുള്ള എസ് എഫ് സി ഗ്രൂപ്പ്. കൊല്ലം സ്വദേശിയായ കെ. മുരളീധരൻ 1989 ൽ ആണ് എസ് എഫ് സി റെസ്റ്റോറന്റ് ശൃംഖലയ്ക്ക് തുടക്കമിടുന്നത്. സതേൺ ഫ്രൈഡ് ചിക്കൻ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റായിരുന്നു ആദ്യ സംരംഭം. വിജകരമായ 27 വർഷം പിന്നിടുമ്പോൾ ക്വിക് സർവീസ് റെസ്‌റ്റോറന്റ്‌സ്, ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റ്‌സ്, ലക്ഷ്വറി ഹോട്ടൽസ്, ഇൻസ്റ്റിറ്റിയൂഷണൽ കാറ്ററിംഗ് സർവീസ് തുടങ്ങി ഹോസ്പിറ്റാലിറ്റി രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായി എസ് എഫ് സി ഗ്രൂപ്പ് വളർന്നു.

ഇന്ത്യ പാലസ്, എസ് എഫ് സി പ്ലസ്, അവന്യു ഹോട്ടൽസ് എന്നീ ബ്രാൻഡുകളിലാണ് എസ് എഫ് സിയുടെ മുന്നേറ്റം. പ്രവർത്തന മേഖലയിലെ മികവിന് ഐഎസ്ഒ 9001 : 2008, ഐഎസ്ഒ 22000 അംഗീകാരങ്ങൾ എസ് എഫ് സി ഗ്രൂപ്പിന് ലഭിച്ചിട്ടുണ്ട്. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും യുകെയിലേക്കും എസ് എഫ് സി ഗ്രൂപ്പ് വളർന്നു. ജീവകാരുണ്യപ്രവർത്തനങ്ങളിലും കെ. മുരളീധരൻ എന്ന മനുഷ്യസ്‌നേഹിയെ ആർക്കും മാറ്റിനിർത്താനാവില്ല. ഇന്ത്യയിൽ 100 കോടിയുടെ മുതൽ മുടക്കിനൊരുങ്ങുകയാണ് എസ് എഫ് സി ഗ്രൂപ്പ്. ഗ്രൂപ്പിന്റെ വളർച്ചാതന്ത്രങ്ങൾ എസ്.എഫ്.സി ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ. മുരളീധരൻ വിശദീകരിക്കുന്നു.

ക്വിക് സർവീസ് റെസ്റ്റോറന്റുകളിലേക്കുള്ള ചുവടുവെയ്പ്പ്

യുവാക്കളുടെ ചെലവഴിക്കൽ രീതികളും സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്ന പ്രവണത കൂടുന്നതും ക്യൂഎസ്ആർ മേഖലയിലെ (ക്വിക് സർവീസ് റെസ്‌റ്റോറന്റ്) ബിസിനസ് സാദ്ധ്യത വളരെയധികം വർദ്ധിപ്പിച്ചിരിക്കുകയാണ്. തനത് പ്രാദേശിക അഭിരുചികൾക്കനുസൃതമായി രുചിക്കൂട്ടുകളിൽ വരുത്തിയ മാറ്റങ്ങൾ ഉപഭോക്താക്കൾക്കിടയിൽ എസ്എഫ്‌സി ബ്രാൻഡിന്റെ വിശ്വാസ്യതയും പ്രശസ്തിയും വർദ്ധിപ്പിച്ചു.

എസ് എഫ് സി ഗ്രൂപ്പിന്റെ തുടക്കം

അബുദാബിയിലാണ് ആദ്യ റെസ്റ്റോറന്റ് ആരംഭിച്ചത്. യുഎഇയിൽ ഇപ്പോൾ 26 റെസ്റ്റോറന്റുകളുണ്ട്. യുഎഇയിലെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2016-ൽ പുതിയതായി നാല് റെസ്റ്റോറന്റുകൾ കൂടി തുടങ്ങും. ഗുണമേന്മയും നിലവാരവുമുള്ള സേവനങ്ങളും പുതിയ കണ്ടെത്തലുകളുമാണ് എസ്.എഫ്.സി പ്ലസ് ബ്രാൻഡിന്റെ പ്രത്യേകതകൾ.

എസ് എഫ് സി ഗ്രൂപ്പ് കേരളത്തിൽ

കേരളത്തിൽ നിലവിൽ എസ്എഫ്‌സി പ്ലസിന് ആറ് റെസ്റ്റോറന്റുകളുണ്ട്. 2012-ലാണ് ആദ്യ റെസ്റ്റോറന്റ് തുറന്നത്. പരമ്പരാഗത ക്വിക് സർവീസ് റെസ്റ്റോറന്റ് എന്നതിനപ്പുറം, സ്‌കിൻലെസ് ഫ്രൈഡ് ചിക്കൻ, പുതിയതായി ബേക്ക് ചെയ്ത പിസകൾ, ബർഗറുകൾ, സാൻഡ്‌വിച്ചുകൾ, സാലഡുകൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഫാമിലി റെസ്റ്റോറന്റുകളാണ് എസ് എഫ് സി പ്ലസിന്റേത്.

എസ് എഫ് സി പ്ലസിന്റെ ബ്രാൻഡിംഗ്

ക്യാപ്റ്റൻ ക്ലക്ക് എന്ന പേരിലുള്ള പുതിയ ഭാഗ്യചിഹ്നമായിരിക്കും ഇനി മുതൽ എസ്എഫ്‌സി പ്ലസിന്റെ മുഖം. ‘ലൈഫ് ഈസ് അടിപൊളി’ എന്ന മ്യൂസിക് വീഡിയോയും പുതിയ ഭാഗ്യചിഹ്നവും ഉപഭോക്താക്കളിൽ ബ്രാൻഡിനെ പ്രതിഷ്ഠിക്കാൻ പര്യാപ്തമാകും. ജീവിതത്തിലെ പ്രസാദാത്മകവുമായ കാര്യങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയ ലൈഫ് ഈസ് അടിപൊളി എന്ന മ്യൂസിക് വീഡിയോയിൽ ക്യാപ്റ്റൻ ക്ലക്ക് എന്ന ആനിമേഷൻ കാരക്ടറാണ് നായകൻ. ജീവിതത്തെ അടിപൊളിയാക്കുന്ന ചെറിയ ചെറിയ കാര്യങ്ങളിൽ ശ്രദ്ധിക്കാനാണ് വീഡിയോ നല്കുന്ന സന്ദേശം. എസ്എഫ്‌സി ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് ഹെഡ് ഷിബു ഷംസിന്റെ ആശയത്തിന്റെ വീഡിയോ ആവിഷ്‌കാരം നടത്തിയിയിരിക്കുന്നത് ആൽബിയാണ്. മുജീബ് മസ്ജിദാണ് സംഗീതസംവിധാനം നിർവഹിച്ചതും ആലപിച്ചതും. ശബരീഷ് വർമ്മയുടേതാണ് വരികൾ.

എസ്എഫ്‌സി ഗ്രൂപ്പിന്റെ ഭാവി വികസനപദ്ധതികൾ

നൂറുകോടി രൂപ മുതൽമുടക്കിൽ അടുത്ത നാല് വർഷത്തിനിടയിൽ ദക്ഷിണേന്ത്യയിലെങ്ങും 25 എസ് എഫ്‌സി പ്ലസ് റെസ്റ്റോറന്റുകൾ തുറക്കും. ആദ്യഘട്ടത്തിൽ തിരൂർ, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഈ വർഷം അഞ്ച് ഔട്ട്‌ലെറ്റുകൾ തുടങ്ങും. ക്യാപ്റ്റൻ ക്ലക്ക് എന്ന പേരിൽ പുതിയ ഭാഗ്യചിഹ്നവുമായി ബ്രാൻഡ് പ്രചാരണത്തിന് എസ് ഫ് സി പ്ലസ് തുടക്കമിട്ടുകഴിഞ്ഞു.