ദോശ ചുട്ട് ചുട്ട്…..

Posted on: February 18, 2016

Dosa-Plaza-Prem-Ganapathy-B

ഫാസ്റ്റ്ഫുഡ് യുഗത്തിൽ പലർക്കും ദോശയോട് അത്ര പഥ്യമല്ല. എന്നാൽ ദോശ അത്ര ചെറിയ സംഗതിയല്ല. പ്രേം ഗണപതിക്ക് താൻ ചുട്ട ഓരോ ദോശയും വിജയത്തിലേക്കുള്ള കൈയൊപ്പുകളായിരുന്നു. തമിഴ്‌നാട്ടിലെ ഒരു കുഗ്രാമത്തിൽ നിന്ന് മുംബൈ ആസ്ഥാനമായുള്ള ദോശ പ്ലാസ എന്ന ബിസിനസ് സാമ്രാജ്യത്തിലേക്ക് പ്രേം ഗണപതി വളർന്നത് ഒറ്റ രാത്രി കൊണ്ടല്ല. ദോശ നൽകിയ വിജയത്തിന് പിന്നിൽ അതിജീവനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ചേരുവകളുണ്ട്. ഇന്ത്യയിലും വിദേശത്തുമായി 70 ഔട്ട്‌ലെറ്റുകളുള്ള ഫുഡ് ബ്രാൻഡുകളിലൊന്നാണ് ദോശ പ്ലാസ.

തൂത്തുക്കുടി ജില്ലയിലെ നാഗലാപുരം സ്വദേശിയായ പ്രേം ഗണപതി പത്താം ക്ലാസ് കഴിഞ്ഞ് ചെന്നൈയിലെ ഒരു ടീ സ്റ്റാളിൽ ജോലിനോക്കുകയായിരുന്നു. പ്രതിമാസം 250 രൂപയായിരുന്നു ശമ്പളം. തനിക്ക് 200 രൂപ നൽകിയാൽ മുംബൈയിൽ 1200 രൂപയുടെ ജോലി ശരിയാക്കി തരാമെന്ന് അവിടെ വച്ച് പരിചയപ്പെട്ട ഒരാൾ പ്രേമിനോട് പറഞ്ഞു. അയാളെ വിശ്വസിച്ച് പ്രേം ഗണപതി 1990 ൽ മുംബൈയിലേക്ക് വണ്ടികയറി. മാതാപിതാക്കളും ആറ് സഹോദരങ്ങളും ഉൾപ്പെടുന്ന കുടുംബത്തിന്റെ വിശപ്പകറ്റാനാണ് പ്രേം ഈ സാഹസത്തിന് മുതിർന്നത്. പക്ഷെ മുംബൈയിൽ എത്തിയപ്പോൾ ജോലി വാഗ്ദാനം നൽകിയ ആളെ കണ്ടെത്താനായില്ല.

തികച്ചും അപരിചിതമായ നഗരം. നാട്ടിലേക്ക് മടങ്ങാൻ കൈയിൽ കാശുമില്ല. മഹാനഗരത്തിൽ ഒറ്റപ്പെട്ടു പോയെങ്കിലും 17 കാരനായ പ്രേം ഗണപതി തളർന്നില്ല. ഏതാനും ദിവസത്തെ അലച്ചിലിന് ശേഷം മാഹിമിലെ ഒരു ബേക്കറിയിൽ പാത്രങ്ങൾ കഴുകുന്ന ജോലിക്ക് ലഭിച്ചു. ശമ്പളം മാസം 150 രൂപ. നല്ലതു പോലെ ജോലിചെയ്യുന്ന മദ്രാസി പയ്യനെ, അവിടെ തന്നെ താമസിക്കാനും ബേക്കറി ഉടമ അനുവദിച്ചു.

കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു തുടർന്നുള്ള രണ്ട് വർഷങ്ങൾ. നിരവധി റെസ്റ്റോറന്റുകളിൽ ജോലിചെയ്തു. ചെമ്പൂരിലെ ഒരു ഹോട്ടലിന് വേണ്ടി പിസ ഡെലിവറി ഏറ്റെടുത്തു. പിന്നീട് നവി മുംബൈയിലെ ഒരു ഹോട്ടലിലേക്ക് മാറി. കുറച്ചു സമ്പാദ്യം കൈവന്നപ്പോൾ വാഷി റെയിൽവേ സ്റ്റേഷന് സമീപമുള്ള തെരുവിൽ 1992 ൽ ഉന്തുവണ്ടി വാടകയ്ക്ക് എടുത്ത് ദോശയും ഇഡലിയും വിൽക്കാൻ ആരംഭിച്ചു. ആയിരം രൂപ മുതൽമുടക്കി സ്റ്റൗവും പാത്രങ്ങളും വാങ്ങി. പല തവണ മുനിസിപ്പാലിറ്റിക്കാർ ഉന്തുവണ്ടി എടുത്തുകൊണ്ടു പോയി. അതൊന്നും പ്രേമിനെ തളർത്തിയില്ല.

ജീവിതത്തിൽ വിജയിക്കണമെന്ന ദൃഡനിശ്ചയത്തിനു മുന്നിൽ പ്രതിസന്ധികൾ ഒന്നൊന്നായി വഴിമാറി. അതേ വർഷം നാട്ടിൽപ്പോയി സഹോദരൻമാരായ മുരുഗനെയും പരമശിവത്തെയും കൂട്ടിക്കൊണ്ടുവന്നു. ദോശയുടെ ഗുണനിലവാരത്തിനും ശുചിത്വത്തിനും മുൻഗണന നൽകി. മറ്റ് വഴിയോരകച്ചവടക്കാരിൽ നിന്നും വ്യത്യസ്തമായി പ്രേമും സഹോദരൻമാരും വൃത്തിയുള്ള വസ്ത്രങ്ങളും തലയിൽ ക്യാപും ധരിച്ചാണ് ദോശ വിറ്റിരുന്നത്. ഉന്തുവണ്ടിയിലെ ബിസിനസിൽ നിന്ന് പ്രതിമാസം 20,000 രൂപയോളം ലാഭം നേടാനായി.

Dosa-Plaza-Big-a

ഉന്തുവണ്ടി നിർത്തുന്നതിന് സമീപമുള്ള മക് ഡൊണാൾഡ്‌സ് റെസ്റ്റോറന്റ് കാണുമ്പോഴൊക്കെ ഇത്തരത്തിലൊന്ന് തുടങ്ങണമെന്ന് പ്രേം ഗണപതി ആഗ്രഹിച്ചു. 1997 ൽ പ്രതിമാസം 5,000 രൂപ നിരക്കിൽ ഒരു മുറി വാടകയ്ക്ക് എടുത്ത് പ്രേം സാഗർ ദോശ പ്ലാസ ആരംഭിച്ചു. രണ്ട് ജീവനക്കാരെ കൂടി നിയമിച്ചു.

മുനിസിപ്പാലിറ്റിക്കാരെ പേടിക്കാതെ കച്ചവടം നടത്താമെന്നായപ്പോൾ ദോശയിൽ പരീക്ഷണങ്ങൾ തുടങ്ങി. ആദ്യ വർഷം തന്നെ 26 ഇനം ദോശകൾ അവതരിപ്പിച്ചു. പ്രേമിന്റെ രുചിവൈവിധ്യമുള്ള ദോശകൾ വളരെ വേഗം ഹിറ്റായി. 2002 ആയപ്പോഴേക്കും 105 ഇനം ദോശകൾ പ്രേമിന്റെ മെനു ലിസ്റ്റിൽ ഇടംപിടിച്ചു. കടയിലെ പതിവുകാരിൽ നിന്നാണ് ഇന്റർനെറ്റിന്റെ അനന്തസാധ്യതകൾ പ്രേം അറിയുന്നത്. പുതിയ രുചിക്കൂട്ടുകൾ തെരയാനും ബിസിനസ് സാധ്യതകൾ കണ്ടെത്താനും നെറ്റ് സർഫിംഗ് പ്രേം ഗണപതിയെ സഹായിച്ചു.

ജൈത്രയാത്രയിൽ വഴിത്തിരിവായത് മുംബൈ വാഷിയിൽ സെന്റർ വൺ മാൾ തുറക്കുന്നതോടെയാണ്. മാളിന്റെ മാനേജ്‌മെന്റ് തലത്തിലുള്ള പലരും ദോശ പ്ലാസയിലെ പതിവുകാരായിരുന്നു. മാളിലെ ഫുഡ്‌കോർട്ടിൽ ഒരു റെസ്‌റ്റോറന്റ് തുറക്കാൻ അവർ പ്രേമിനെ സഹായിച്ചു. ദോശ പ്ലാസ ബ്രാൻഡ് ചെയ്യപ്പെട്ടതോടെ ഫ്രാഞ്ചൈസികൾ തുടങ്ങാൻ അന്വേഷണങ്ങളായി. 2003 ൽ താനെയിലെ വണ്ടർ മാളിൽ ആദ്യ ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റ് തുറന്നു. പിന്നെ മുംബൈയിൽ നിന്ന് മറ്റു 12 സംസ്ഥാനങ്ങളിലേക്കും ദോശ പ്ലാസ വളർന്നു. വിറ്റുവരവ് കോടികളിലേക്ക് കുതിച്ചുയർന്നു.

2008 ൽ ഡോ. ഡി എന്ന് റീ ബ്രാൻഡ് ചെയ്തു. ഇപ്പോൾ ഇന്ത്യയ്ക്ക് പുറത്ത് യുഎഇ, ഒമാൻ, ബഹ്‌റിൻ, യുഎസ്എ, യുകെ, കാനഡ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ദോശ പ്ലാസ ഔട്ട്‌ലെറ്റുകളുണ്ട്. ദോശ പ്ലാസ ഫ്രാഞ്ചൈസി അസോസിയേഷൻ ഓഫ് ഇന്ത്യയിൽ അംഗമാണ്.