രാജ്യത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ പഞ്ചായത്തായി പോത്താനിക്കാട്

Posted on: February 25, 2019

മൂവാറ്റുപുഴ : പോത്താനിക്കാട് പഞ്ചായത്തിനു കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും വഴിവിളക്കുകളും തെളിയുക സൗരോര്‍ജ വൈദ്യുതിയാല്‍. ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിനു മുകളില്‍ 26.40 ലക്ഷം രൂപ വിനിയോഗിച്ചു സ്ഥാപിച്ച 96 പാനലുകള്‍ വര്‍ഷം ഉത്പാദിപ്പിക്കുക, 30 കിലോവാട്ട് വൈദ്യുതി. പഞ്ചായത്ത് ഓഫീസ്, 12 അങ്കണവാടികള്‍, ഹോമിയോ, ആയുര്‍വേദ, മൃഗാശുത്രികള്‍, കൃഷിഭവന്‍ , എല്‍ എസ് ജി ഡി എഇ ഓഫീസ് വഴിവിളക്കുകള്‍ എന്നിവ ഇനി പൂര്‍ണമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും.

നിലവില്‍ വര്‍ഷം 25 കിലോവാട്ടോളം വൈദ്യുതി ഉപയോഗിക്കുന്ന പഞ്ചായത്ത് ഏഴര ലക്ഷത്തോളം രൂപ കെ എസ് ഇ ബിക്കു നല്‍കുന്നുണ്ട്. ഈ തുക ലാഭിച്ച് മിച്ചമുള്ള വൈദ്യുതി കെ എസ ഇ ബിക്കു നല്‍കി വരുമാനുമുണ്ടാക്കാം. അനെര്‍ട്ട് ആണ് പദ്ധതി നടത്തിപ്പ്. മൊത്തം ആവശ്യങ്ങള്‍ക്ക് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യ തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ് പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി എബ്രഹാം പറഞ്ഞു.