വായു മലിനീകരണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു

Posted on: November 19, 2018

ന്യൂഡല്‍ഹി : വായു മലിനീകരണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. ഉത്തരേന്ത്യയിലെ നിരവധി നഗരങ്ങളിലെ വായു മലിനീകരണത്തിന്റെ തോത് ഗുരുതരമായി തുടരുന്നു. ലോകത്തിലെ ഏറ്റവും വായു മലിനീകരണമുള്ള രാജ്യമായ ചൈനയെ ഇന്ത്യ മറികടന്നതായി ബെര്‍ക്ക് ലി എര്‍ത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട പട്ടണങ്ങളില്‍ 40 എണ്ണം ഇന്ത്യയിലാണ്. ഗാസിയാബാദ്, നോയ്ഡ, ന്യൂഡല്‍ഹി, മീററ്റ്, ലക്‌നൗ, സോനിപത്ത്, മുസാഫര്‍ നഗര്‍ തുടങ്ങി ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഏറ്റവും ഉയര്‍ന്ന തോതിലുള്ള വായു മലിനീകരണമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സര്‍ക്കാര്‍ ഏജന്‍സിയായ സിസ്റ്റം ഫോര്‍ ക്വാളിറ്റി ആന്‍ വെതര്‍ ഫോര്‍കാസ്റ്റിംഗ് (സഫര്‍) നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം ഈ മാസം ആദ്യം ഡല്‍ഹിയില്‍ അനുഭവപ്പെടുന്ന രൂക്ഷ മലിനീകരണത്തിന്റെ 33 ശതമാനം പങ്കും വിള മാലിന്യങ്ങള്‍ കത്തിക്കുന്നതിനാലാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 5 മുതല്‍ 33 ശതമാനം വരെയായിരുന്നു വിള മാലിന്യങ്ങളുടെ കത്തിക്കലിലൂടെയുണ്ടായ മലിനീകരണം. വാഹനങ്ങളില്‍ നിന്നുള്ള പുക, വ്യവസായിക മാലിന്യം എന്നിവക്കൊപ്പം ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കല്‍ ആയതോടെ രാജ്യ തലസ്ഥാനത്തെ സ്ഥിതി അതീവഗുരുതരമാകുകയായിരുന്നു.

സാഹചര്യം കണക്കിലെടുത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനും കരിമരുന്നുകളുടെ പ്രയോഗത്തിനും സുപ്രീംകോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിന്നെങ്കിലും ഇത് കര്‍ശനമായി പാലിക്കപ്പെട്ടിരുന്നില്ല. അമിതമായി പടക്കം പൊട്ടിച്ച 250ല്‍ അധികം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗാസിയാബാദാണ് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ വായു മലിനീകരണമുള്ള നഗരം. ഡല്‍ഹിക്ക് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനമാണുള്ളത്.